എല്ലാ വീടുകളിലും മസ്ജിദുകളിലും പോയി കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന് പറയണം: കെ. കവിത
Wednesday, August 16, 2023 6:27 PM IST
ഹൈദരാബാദ്: നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന് എല്ലാ വീടുകളിലും മസ്ജിദുകളിലും പോയി പറയണമെന്നും മൗലാനാമാർക്ക് മുമ്പിൽ കോൺഗ്രസിന്റെ യഥാർഥ മുഖം തുറന്നുകാട്ടണമെന്നും പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്) നേതാവ് കെ. കവിത.
ന്യൂനപക്ഷ സമുദായത്തിന് മേൽക്കൈയുള്ള നിസാമാബാദ് മേഖലയിലെ പാർട്ടി സമ്മേളനത്തിനിടെയാണ് കവിത ഈ പ്രസ്താവനകൾ നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിസാമാബാദ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് വ്യക്തമാക്കിയ ശേഷം ആദ്യമായി നടത്തിയ പൊതുയോഗത്തിലാണ് കവിത ഇക്കാര്യങ്ങൾ പറഞ്ഞത്.
1,000 എലികളെ കൊന്ന ശേഷം പൂച്ച ഹജ്ജിന് പോയത് പോലെയാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെന്ന് കവിത പരിഹസിച്ചു. സ്വാതന്ത്ര്യം നേടിയതിന് ശേഷം 62 വർഷം കോൺഗ്രസ് രാജ്യം ഭരിച്ചു. എന്നിട്ടും പാവങ്ങൾക്കും മുസ്ലിം സമുദായത്തിനുമായി എന്താണ് ചെയ്തത്?
"ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യത്തിലൂടെ പട്ടിണി മാറ്റാതെ പാവങ്ങളെ കുടിയൊഴിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും കവിത കൂട്ടിച്ചേർത്തു.