ന്യൂഡൽഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപന കാലാവധി ഒരു വർഷം കൂടി നീട്ടിയതായി കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബേ ലോക്സഭയിൽ അറിയിച്ചു.

പശ്ചിമഘട്ടം ഉൾപ്പെടുന്ന ആറു സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം സംസ്ഥാനങ്ങളുടെ പരാതികൾ പുനഃപരിശോധിച്ചു പരിഹരിക്കുന്നതിനായി മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചതായും നിർദേശങ്ങൾ 2024 മാർച്ച് 31 നു മുൻപ് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും എംപിമാരായ ആന്‍റോ ആന്‍റണി, അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ് എന്നിവരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി ലോക്സഭയിൽ അറിയിച്ചു.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപന കാലാവധി അഞ്ചാം തവണയാണ് നീട്ടുന്നത്. ഇത്തവണ കാലാവധി 2024 ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്.

നിലവിലെ കരട് വിജ്ഞാപനപ്രകാരം ഗോവ, ഗുജറാത്ത്, കർണാടകം, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ ആറു സംസ്ഥാനങ്ങളിലായി 56,825 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ പരിസ്ഥിതിലോല പ്രദേശം വ്യാപിച്ചുകിടക്കുന്നു. സംസ്ഥാനങ്ങളുടെ നിരന്തര ആവശ്യപ്രകാരം അന്തിമപ്രഖ്യാപനം നടത്തുന്നത് വൈകുകയാണെന്നും മന്ത്രി അറിയിച്ചു.