മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേർക്ക് ആക്രമണം; അഞ്ച് പേർക്ക് പരിക്ക്
Monday, July 24, 2023 10:04 PM IST
ഷില്ലോംഗ്: മേഘാലയയിൽ അക്രമാസക്തരായ ജനക്കൂട്ടം മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ ഓഫീസ് ആക്രമിച്ചു. കല്ലേറിലും ആക്രമണത്തിലും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മുഖ്യമന്ത്രി സുരക്ഷിതനാണെന്നാണ് വിവരം.
ടുറാ മേഖലയിലെ സാംഗ്മയുടെ ഓഫീസിന് നേർക്കാണ് ആക്രമണമുണ്ടായത്. സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനമായി ടുറായെ നിശ്ചയിക്കണമെന്നും സർക്കാർ ജോലികളിൽ സംവരണം വേണമെന്നും ആവശ്യപ്പെട്ട് നിരാഹാര സത്യഗ്രഹം നടത്തിവരുന്ന ഗാരോ മലനിവാസികളുടെ സംഘടനയാണ് അതിക്രമം നടത്തിയത്.
സമരക്കാരുമായി സാംഗ്മ ഓഫീസിന് വെളിയിൽ വച്ച് സംസാരിക്കുന്നതിനിടെ കല്ലേറ് ആരംഭിക്കുകയായിരുന്നു. കല്ലേറിൽ പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടനടി ഓഫീസിനുള്ളിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ടുറാ മേഖലയിൽ കർഫ്യു പ്രഖ്യാപിച്ചു.