ആമസോൺ കാട്ടിൽ അകപ്പെട്ട കുട്ടികൾ ആശുപത്രി വിട്ടു
Sunday, July 16, 2023 11:21 AM IST
ബൊഗോട്ട: ലോകത്തിന്റെ മുഴുവൻ പ്രാർഥനയും ഏറ്റുവാങ്ങി ആമസോൺ കാട്ടിനുള്ളിലെ ദുരിതപർവത്തിൽ നിന്നും അഞ്ച് ആഴ്ചകൾക്ക് ശേഷം പുറത്തെത്തിയ കൊളംബിയയിലെ അത്ഭുത സഹോദരങ്ങൾ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
വിമാനം തകർന്നുവീണ് അമ്മയെ നഷ്ടപ്പെട്ട ലെസ്ലി(13), സൊലേനി(9), ടിയെൻ നോരിയൽ(5), ക്രിസ്റ്റീൻ(1) എന്നീ കുട്ടികൾ 34 ദിവസത്തെ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് ആശുപത്രി വിട്ടത്.
മേയ് ഒന്നിനാണ് ഇവർ സഞ്ചരിച്ച വിമാനം കാടിനുള്ളിൽ തകർന്നുവീണത്. പൈലറ്റും അമ്മയും തൽക്ഷണം മരിച്ചതോടെ, ഇളയ കുട്ടികളെ താങ്ങിനിർത്തി കാട്ടിലെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചത് ലെസ്ലി ആണ്.
ഗോത്രവിഭാഗക്കാരുടെ പരമ്പരാഗത അറിവുകളെല്ലാം പ്രയോജനപ്പെടുത്തിയ ലെസ്ലി, ലോകശ്രദ്ധ ആകർഷിച്ച രക്ഷാദൗത്യത്തിലൂടെ സേനാംഗങ്ങൾ അടുത്തെത്തുന്നത് വരെ സഹോദരങ്ങളെ സംരക്ഷിച്ചു.
തങ്ങൾ കണ്ടെത്തുമ്പോൾ കുട്ടികളുടെ ആരോഗ്യാവസ്ഥ മോശമായിരുന്നുവെന്നും ഇപ്പോൾ അവരുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അധികൃതർ അറിയിച്ചു. കുട്ടികളുടെ അച്ഛനും അമ്മയുടെ കുടുംബവുമായി തർക്കം നിലനിൽക്കുന്നതിനാൽ, ഇവരെ തൽക്കാലത്തേക്ക് സംരക്ഷിതഭവനത്തിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു.