ലാലു കുടുംബത്തിനെതിരേയുള്ള കേസ്: പിന്നിൽ മോദിയും അമിത് ഷായുമെന്ന് ആർജെഡി
Wednesday, July 5, 2023 4:31 AM IST
പാറ്റ്ന: ജോലിക്കുപകരം ഭൂമി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിനും മകൻ തേജസ്വിക്കും ഭാര്യ റാബ്രിദേവിക്കുമെതിരേയുള്ള പുതിയ കുറ്റപത്രത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പങ്കുണ്ടെന്ന പരോക്ഷസൂചനയുമായി ആർജെഡി.
ബിജെപിയുടെ രാഷ്ട്രീയവൈരമാണ് കേസിനു പിന്നിലെന്നും അന്വേഷണസംഘത്തിനുമേൽ കടുത്ത സമ്മർദ്ദം തുടരുകയാണെന്നും ആർജെഡി വക്താവ് മനോജ് ഝാ ആരോപിച്ചു. സിബിഐയുടെ കുറ്റപത്രമെന്നല്ല ബിജെപിയുടെ കുറ്റപത്രമെന്നാണ് പറയേണ്ടത്.
ബിജെപിയുടെ മുതിർന്ന രണ്ടുനേതാക്കളാണ് സംഭവവികാസങ്ങൾക്കു പിന്നിലെന്നു മോദിയെയും അമിത് ഷായെയും പേരെടുത്തുകുറ്റപ്പെടുത്താതെ അദ്ദേഹം പറഞ്ഞു.