വ്യാജ ലഹരി കേസ്; ബ്യൂട്ടീഷ്യനെ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Sunday, July 2, 2023 7:10 PM IST
ചാലക്കുടി: ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ എല്‍എസ്ഡി സ്റ്റാമ്പുകൾ വച്ച് കേസിൽ കുടുക്കാൻ സഹായിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീശനെതിരെയാണ് നടപടി.
എക്സൈസ് കമ്മിഷണറാണ് ഈ നടപടി എടുത്തത്. വ്യാജ കേസ് ചമയ്ക്കാന്‍ സതീശൻ കൂട്ടുനിന്നെന്നും വ്യാജ കേസ് ചമച്ചവരുടെ ഒരു ഉപകരണമായി ഇയാൾ പ്രവർത്തിച്ചെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.
ഷീലയുടെ ബാഗില്‍ എല്‍എസ്ഡി ഉണ്ടെന്ന് തനിക്ക് വിവരം ലഭിച്ചത് ഇന്റർനെറ്റ് കോളില്‍നിന്ന് ആണെന്നാണ് ഇവരെ അറസ്റ്റ് ചെയ്ത സതീശന് മൊഴി നൽകിയത്. എന്നാൽ ഈ കോള്‍ ആരുടേതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
എക്സൈസ് കൊണ്ടുപോയ എല്‍എസ്ഡി സ്റ്റാമ്പ് പോലുള്ള ഈ വസ്തു പരിശോധിച്ചപ്പോള്‍ കടലാസ് മാത്രമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 72 ദിവസം വിയ്യൂര്‍ ജയിലില്‍ കിടന്ന ഷീലയെ മോചിപ്പിക്കുകയായിരുന്നു.
ഇതോടെ, ആരോ വിളിച്ചു പറഞ്ഞതനുസരിച്ചെന്ന പോലെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്റെ ബ്യൂട്ടി പാര്‍ലറില്‍ വന്ന് മറ്റൊന്നും പരിശോധിക്കാതെ ബാഗ് മാത്രം ചോദിച്ചതെന്ന് ഷീല ആരോപിച്ചു.
ബംഗളൂരുവില്‍നിന്നെത്തിയ തന്റെ ഒരു ബന്ധു തന്റെ വാഹനത്തിലിരുന്ന ബാഗില്‍ മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തു വച്ചെന്നാണാണ് ഷീലയുടെ ആരോപണം.
ബാഗ് സ്കൂട്ടറിലാണെന്ന് പറഞ്ഞപ്പോള്‍ മകനെ വിളിച്ചു വരുത്താന്‍ പറയുകയും പിന്നീട് ബാഗെടുത്ത് കൃത്യമായി അതിന്റെ അറയില്‍ വച്ചിരുന്ന എല്‍എസ്ഡി സ്റ്റാന്പെന്ന് പറയുന്ന വസ്തു എടുത്തുകൊണ്ടുപോകുകയുമായിരുന്നെന്ന് ഷീല പറഞ്ഞു.
ഷീലയുടെ ബാഗില്‍ വ്യാജ എല്‍എസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലാണെന്നാണ് വ്യാജക്കേസിനെപ്പറ്റി അന്വേഷിക്കുന്ന പോലീസ് സംഘം അറിയിച്ചത്.