ബാബുജാൻ ആട്ടിൻതോലിട്ട ചെന്നായ; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ചെമ്പട കായംകുളം
Wednesday, June 28, 2023 12:08 PM IST
ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ വീണ്ടും വിമർശന പോസ്റ്റുമായി ചെന്പട കായംകുളം ഫേസ്ബുക്ക് പേജ് രംഗത്ത്. നിഖിൽ തോമസിന് തുല്യതാസർട്ടിഫിക്കറ്റും പ്രവേശനവും സംഘടിപ്പിച്ചു നൽകിയത് സിപിഎം ജില്ലാ സെക്രട്ടറയേറ്റ് അംഗം കെ.എച്ച്. ബാബുജാനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
ചെമ്പട കായംകുളം എന്ന പേജിനെതിരെ ഏരിയ സെക്രട്ടറി പരാതി നൽകിയതിന് പിന്നാലെയാണ് പുതിയ പോസ്റ്റ്.
കോളജ് മാനേജരെ ഭീഷണിപ്പെടുത്തി നിഖിലിന്റെ പ്രവേശനം തരപ്പെടുത്തിയതും സിപിഎം പാർട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറിയായി നിഖിലിനെ നിയോഗിച്ചതും ബാബുജാനാണെന്ന് ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് പേജ് ആരോപിക്കുന്നു.
നിഖിലിന്റെ മൊബൈൽ ഫോൺ പോലീസ് മനപൂർവം ഒളിപ്പിക്കുകയാണ്. ഫോൺ പരിശോധിച്ചാൽ ബാബുജാനുമായുള്ള പങ്ക് വ്യക്തമാകും.
ഒരുപാട് അഴിമതി കഥകൾ തെളിയും. മാന്യതയുടെ മുഖംമൂടിയണിഞ്ഞ കെ.എച്ച്. ആട്ടിൻ തോലിട്ട ചെന്നായ ആണെന്നും ഏറ്റവും പുതിയതായി പങ്കുവച്ച പോസ്റ്റില് ആരോപിക്കുന്നു.
ചെമ്പട കായംകുളത്തിന്റെ പോസ്റ്റിൽനിന്ന്
പ്രിയ സഖാക്കളെ,
ഞങ്ങൾ പറഞ്ഞതൊന്നും കള്ളമായിട്ടില്ല. ഏറെനാളിന് ശേഷമാണ് ഞങ്ങൾ വീണ്ടുംവരുന്നത്. കായംകുളത്തിന്റെ വിപ്ലവത്തിന്റെ കൂട്ട്. ഞങ്ങൾ ഇല്ലാക്കഥകൾ എഴുതിയിട്ടില്ല. ഞങ്ങൾ പാർട്ടിയെ സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നത്.
അല്ലാതെ കെഎച്ചിന്റെയും എംഎന്നിന്റെയും ബികെയുടെയും കൂട്ട് ഇല്ലാക്കഥകൾ ഉണ്ടാക്കി പ്രസ്ഥാനത്തെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയവരല്ല.
നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് കെഎച്ച് ആണ്. ഈ മാന്യതയുടെ മുഖംമൂടി അണിഞ്ഞ കെഎച്ച് എന്ന ആട്ടിൻതോലിട്ട ചെന്നായയെ പൊതുസമൂഹത്തിനു മുൻപിൽ ചെമ്പട കായംകുളം തുറന്നു കാട്ടുന്നു.
കേരള യൂണിവേഴ്സിറ്റിയുടെ ഇക്വലൻസി സർട്ടിഫിക്കറ്റ് എങ്ങനെ തോമസിന് ലഭിച്ചു? ഹിലാൽ ബാബു സാറിനെ ഭീഷണിപ്പെടുത്തി നിഖിലിന്റെ അഡ്മിഷൻ തരപ്പെടുത്തിയതാര്? കായംകുളം സിപിഎം പാർട്ടി ഓഫിസ് അസിസ്റ്റന്റ് സെക്രട്ടറി ആയി നിഖിലിനെ നിയോഗിക്കാൻ കെഎച്ചിന് ഇത്ര ശുഷ്കാന്തി എന്തായിരുന്നു?
ഇതെല്ലാം ചെയ്തിരിക്കുന്നതു കെഎച്ച് തന്നെയാണ്. എന്തിനു വേണ്ടിയാണ് ഈ ഞരമ്പുരോഗി ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല ഏരിയ കമ്മിറ്റിയെ നശിപ്പിക്കുന്നത്? നിഖിലിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഗുരുതര വീഴ്ചയാണ് കായംകുളം പൊലീസിന് സംഭവിച്ചത്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം നിഖിൽ ഉപയോഗിച്ചിരുന്ന ഫോൺ. നിഖിലിന്റെ മൊഴി പ്രകാരം മാർക്കറ്റിലെ പാലത്തിന്റെ മുകളിൽനിന്നു ഫോൺ വെള്ളത്തിലേക്ക് എറിഞ്ഞെന്നാണ്.
മൂന്നു ദിവസത്തെ സിസിടിവി ക്യാമറ പരിശോധിച്ചിട്ടും നിഖിൽ പറഞ്ഞ സമയത്ത് നിഖിൽ ആ പ്രദേശത്ത് ചെന്നിട്ടില്ല. ആരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ കള്ളന്റെ മൊഴി പൊലീസ് അപ്പാടെ വിഴുങ്ങിയത്. ആരെയാണ് നിങ്ങൾ പൊട്ടരാക്കുന്നത്.
ഇവിടെ ഏത് പിഞ്ചുകുട്ടികൾക്കും അറിയാം നിഖിലിന്റെ ആ ഫോൺ കിട്ടിയാൽ കെഎച്ചും എംഎന്നും ബികെയും ലോക്കാണ്. ഇവരുടെ സകല കള്ളത്തരങ്ങളും പുറത്തുവരും. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുടെ സ്വാധീനമാണ് വ്യാജ സർട്ടിഫിക്കറ്റ് കേസ് വഴി തെറ്റിപ്പോകുന്നത്.
ഇവിടെ സാധാരണക്കാരന്റെ മക്കൾ പഠിച്ചു പാസായി കോളജുകളിൽ സീറ്റ് പോലും ലഭിക്കാതെ പ്രൈവറ്റായി പഠിക്കുമ്പോൾ, ഇവനെപ്പോലുള്ളവർ ഞങ്ങൾ നെഞ്ചോട് ചേർത്തു പിടിച്ച പ്രസ്ഥാനത്തെ വഞ്ചിച്ച് എത്രകാലം ഇതൊക്കെ ചെയ്യാം എന്ന് കരുതി? കാട്ടാളാ കെഎച്ച്, നിന്നോട് ഈ പ്രസ്ഥാനം പൊറുക്കൂല്ല. നീ എത്ര കാലം പാർട്ടിയെ ചതിക്കും മിസ്റ്റർ കെഎച്ച്?
ഇതു മാത്രമല്ല ഇവരുടെ സകല അഴിമതികളുടെയും രേഖകൾ ഫോണിലുണ്ട്. കൂടുതലൊന്നും പറഞ്ഞു വലിച്ചു നീട്ടുന്നില്ല. പാർട്ടിയാണ് ഞങ്ങൾക്കെല്ലാം.
ജീവൻ പാർട്ടിക്കുവേണ്ടി. ഇവനെയൊക്കെ തെരുവിൽ കൈകാര്യം ചെയ്യാനും ഞങ്ങൾ തയാറാണ്. ഇതുകൊണ്ടൊന്നും തീർന്നിട്ടില്ല. കൂടുതൽ വിവരങ്ങളുമായി ഞങ്ങൾ വരും.
സത്യസന്ധമായ അന്വേഷണം ആവശ്യമാണ്. കായംകുളം പൊലീസിനെ വിശ്വസിച്ചുകൊണ്ട്, ഞങ്ങടെ പാർട്ടിയെ വിശ്വസിച്ചു കൊണ്ട്.. ഒരുകൂട്ടം തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാർ. നിർത്തുന്നു, നിങ്ങളുടെ ഏറെ പ്രിയപ്പെട്ട ചെമ്പട കായംകുളം.