എഐ കാമറ വഴി പിഴയിട്ടു; പകരംവീട്ടാൻ എംവിഡിയുടെ ഫ്യൂസൂരി കെഎസ്ഇബി
Tuesday, June 27, 2023 11:22 PM IST
കൽപ്പറ്റ: വൈദ്യുതലൈനുകൾക്ക് സമീപത്തുള്ള മരച്ചില്ലകൾ വെട്ടിമാറ്റാനുള്ള നീളൻ തോട്ടി വാഹനത്തിൽ കൊണ്ടുപോയതിന് എഐ കാമറ വഴി ലഭിച്ച പിഴശിക്ഷയ്ക്ക് മറുപടിയായി മോട്ടോർ വാഹന വകുപ്പിന്റെ ഫ്യൂസൂരി കെഎസ്ഇബി.
കൽപ്പറ്റയിലെ എംവിഡി ഓഫീസിന്റെ ഫ്യൂസ് ആണ് വൈദ്യുത ബിൽ കുടിശികയുടെ പേരിൽ കെഎസ്ഇബി ഊരിമാറ്റിയത്. റോഡ് ക്യാമറ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ട ഈ കെട്ടിടത്തിലാണ്.
മേഖലയിലെ റോഡിലൂടെ നീളൻ തോട്ടിയുമായി സഞ്ചരിച്ച കെഎസ്ഇബി വാഹനത്തിന് റോഡ് ക്യാമറ നോട്ടിസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്യൂസൂരൽ നടപടി.
എന്നാൽ, സർക്കാർ സ്ഥാപനങ്ങളിൽ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം ഉണ്ടായാലും ഇത്തരത്തിലുള്ള നടപടികളിലേക്ക് സാധാരണയായി കെഎസ്ഇബി കടക്കാറില്ലെന്ന് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു.