നിഹാലിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകും: ഇ.പി. ജയരാജൻ
Tuesday, June 13, 2023 10:36 PM IST
കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ കുടുംബത്തിന് സാന്പത്തിക സഹായം നൽകുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.
നിഹാലിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് ജയരാജൻ ഇക്കാര്യം അറിയിച്ചത്.
ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജനങ്ങൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ നിലനിൽക്കുന്ന ചില നിയമങ്ങൾ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്നുണ്ട്. ഏതെങ്കിലും സ്ഥാപനത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയാൻ കഴിയില്ല.
നിയമങ്ങളിൽ പോരായ്മകൾ ഉണ്ടെങ്കിൽ ഭരണകർത്താക്കൾ പരിഹരിക്കണം. യാന്ത്രികമായല്ല വസ്തുതാപരമായാണ് കാര്യങ്ങളെ നോക്കിക്കാണേണ്ടതെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.