ബ്രിജ്ഭൂഷണിനെതിരെ നടപടിയില്ലെങ്കിൽ ഗുസ്തി താരങ്ങൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ല: സാക്ഷി മാലിക്
Saturday, June 10, 2023 9:25 PM IST
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരണ്‍ സിംഗിനെതിരായ ലൈംഗിക പീഡന കേസിൽ നടപടിയുണ്ടായാൽ മാത്രമേ ഗുസ്തി താരങ്ങൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുകയുള്ളെന്ന് സാക്ഷി മാലിക്.തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിന് ശേഷം മാത്രമേ താനും മറ്റ് ഗുസ്തിതാരങ്ങളും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുകയുള്ളൂ- സാക്ഷി മാലിക് പറഞ്ഞു.
ഓരോ ദിവസവും തങ്ങൾ എത്രമാത്രം മാനസിക സംഘർഷങ്ങളാണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതിനിടെ പരാതിക്കാരിയായ ഗുസ്തിതാരങ്ങളിലൊരാളെ പോലീസ് ബ്രിജ്ഭൂഷൺ ശരണ്‍ സിംഗിന്റെ ഡൽഹിയിലെ വസതിയിൽ എത്തിച്ചിരുന്നു. തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകാട്ടാനാണ് പോലീസ് പെൺകുട്ടിയെ ബ്രിജ്ഭൂഷണിന്റെ വീട്ടിൽ എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. അരമണിക്കൂറോളം പെൺകുട്ടിയുമായി പോലീസ് ഇവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.