ഡിന്നറും ബെല്ലി ഡാൻസും മതിയാക്കി വായ തുറക്കണം; മുഖ്യമന്ത്രിയെ കുത്തി സ്വപ്ന
Friday, June 9, 2023 7:17 PM IST
തിരുവനന്തപുരം: കെ ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നു സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെ ഫോണ് പദ്ധതിക്കെതിരേ ഫേസ്ബുക്കിലൂടെയാണ് സ്വപ്ന രൂക്ഷവിമർശനമുന്നയിച്ചിരിക്കുന്നത്.
ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വായ തുറക്കാൻ തയാറാകണം. തന്റെ മുൻ ഭർത്താവ് ജയശങ്കർ ലോജിസ്റ്റിക്സ് മാനേജരായി ഇതിൽ ജോലി ചെയ്തിരുന്നുവെന്നും തന്നെപ്പോലെത്തന്നെ വിനോദ് എന്നയാളും കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയിൽ ജോലി ചെയ്തുവെന്നും സ്വപ്ന പറയുന്നു.
കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാറിന്റെ ബന്ധുവാണ് വിനോദ് എന്നും സ്വപ്ന ആരോപണമുന്നയിക്കുന്നു. പ്രീ പെയ്ഡ് ഡിന്നർ നൈറ്റും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിനുപകരം ഇപ്പോഴെങ്കിലും മുഖ്യമന്ത്രി ദയവായി വായ തുറക്കണമെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു.
ഇന്ത്യൻ നിർമിത ഉത്പന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച്, കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചത് ചൈനീസ് കേബിളാണെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് സ്വപ്ന സുരേഷിന്റെ വിമർശനവും പുറത്തുവന്നത്.