ട്രെയിൻ അപകടം: 288 അല്ല, 275 മരണം സ്ഥിരീകരിച്ച് ഒഡീഷ ചീഫ് സെക്രട്ടറി
Sunday, June 4, 2023 5:36 PM IST
ഭൂവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 275 ആണെന്ന് സ്ഥിരീകരിച്ച് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ പ്രകാരം ട്രെയിൻ അപകടത്തിലെ മരണസംഖ്യ 288 ആയിരുന്നു. എന്നാൽ ചില മൃതദേഹങ്ങൾ രണ്ടു തവണ എണ്ണിയതായി കണ്ടെത്തി. അതിനാൽ ഔദ്യോഗികമായ മരണ സംഖ്യ 275 ആയി പുതുക്കി എന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ 275 മൃതദേഹങ്ങളിൽ 88 മൃദദേഹങ്ങൾ തിരിച്ചറിഞ്ഞതായും പ്രദീപ് ജെന അറിയിച്ചു. 1,175 പേർക്കാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ പരിക്കേറ്റത്. അവരിൽ, 793 പേർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടുവെന്നും പ്രദീപ് അറിയിച്ചു.
അതേസമയം ഒഡീഷയിൽ അപകടത്തിൽപ്പെട്ട കോറമാണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ നിര്‍ണായ മൊഴി പുറത്തുവന്നു. പച്ച സിഗ്നൽ ലഭിച്ചശേഷമാണ് ട്രെയിൻ നീങ്ങിയത്. ട്രെയിൻ അമിതവേഗതയിൽ ആയിരുന്നില്ല. സിഗ്നലുകൾ ഒന്നും ലംഘിച്ചിട്ടില്ലെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ലോക്കോ പൈലറ്റ് മൊഴി നൽകി.
ട്രെയിന്‍ ദുരന്തത്തിനു കാരണം ഇലക്ട്രോണിക് ഇന്റര്‍ ലോക്കിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദമാക്കുന്നത്. ട്രെയിനിന്റെ റൂട്ട് നിശ്ചയിക്കല്‍, പോയിന്റ് ഓപ്പറേഷന്, ട്രാക്ക് നീക്കം അടക്കം സിഗ്നലിംഗുമായി ബന്ധപ്പെട്ട നിര്‍ണായക സംവിധാനമാണ് ഇലക്ട്രോണിക് ഇന്റര്‍ ലോക്കിംഗ്.