മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ ലക്ഷങ്ങൾ നൽകണമെന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്യം: സുരേന്ദ്രൻ
Friday, June 2, 2023 9:47 PM IST
തിരുവനന്തപുരം: ലോക കേരളസഭയുടെ പേരിൽ പ്രവാസികളുടെ പണം അനധികൃതമായി പിരിക്കുന്നതിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടണമെങ്കിൽ 82 ലക്ഷം രൂപ നൽകണമെന്നത് കേരളത്തിനെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട പ്രവാസികൾ ചോരനീരാക്കിയുണ്ടാക്കിയ സമ്പാദ്യം തട്ടിപ്പറിക്കുന്നതിന് തുല്ല്യമാണ് പിണറായി വിജയന്റെ ഈ നടപടി. എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടേയും സഹമന്ത്രിമാരുടേയും ലക്ഷ്യം.
കമ്മ്യൂണിസ്റ്റുകാരുടെ യഥാർഥ വർഗരാഷ്ട്രീയമാണ് പിണറായി വിജയൻ തുറന്ന് കാണിച്ചിരിക്കുന്നത്. പണമുള്ളവർക്ക് തന്റെ അരികിൽ സീറ്റും പണമില്ലാത്തവർക്ക് കടക്ക് പുറത്ത് സന്ദേശവുമാണ് മുഖ്യമന്ത്രി നൽകുന്നത്. കമ്മ്യൂണിസം എന്ന ആശയത്തിന്റെ ജീർണതയാണ് മറനീക്കി പുറത്തുവരുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.