മലബാറിൽനിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ സർവീസ് പരിഗണനയിൽ: മന്ത്രി ദേവർകോവിൽ
Thursday, June 1, 2023 12:35 AM IST
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പൽ സർവീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്കരിക്കുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ.
വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽനിന്ന് വിമാന കമ്പനികൾ ഉത്സവ സീസണുകളിൽ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവയ്ക്കേണ്ട സാഹചര്യമാണ് പ്രവാസികൾക്ക് നിലവിലുള്ളത്.
പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പൽ സർവീസ് ആരംഭിക്കുവാനാണ് ആലോചന.
യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിനുശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോർക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.