പങ്കാളി കൈമാറല്‍ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന ഭര്‍ത്താവും മരിച്ചു
Monday, May 29, 2023 12:05 PM IST
കോട്ടയം: പങ്കാളികളെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലര്‍ച്ചെ നാലിനായിരുന്നു മരണം.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോളോണിയ എന്ന മാരക വിഷം കഴിച്ച ഇയാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു.
ഈ മാസം 19നായിരുന്നു മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് യുവതി ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ വീട്ടില്‍വച്ച് 27കാരിയെ പ്രതി ഷിനോ വെട്ടിക്കൊല്ലുകയായിരുന്നു. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
രണ്ടുവര്‍ഷം മുമ്പാണ് നാടിനെ ഞെട്ടിച്ച കറുകച്ചാലിലെ വൈഫ് സ്വാപ്പിംഗ് വിവരം പുറംലോകമറിഞ്ഞത്. ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വം ഒന്‍പത് പേര്‍ക്കു കാഴ്ച വച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. സമൂഹ മാധ്യമങ്ങളില്‍ വഴി ഗ്രൂപ്പ് ഉണ്ടാക്കി പങ്കാളികളെ പങ്കുവെക്കല്‍ നടത്തുകയായിരുന്നു.
പീഡനങ്ങള്‍ തുടര്‍ന്നതോടെ സഹിക്ക വയ്യാതെയാണ് യുവതി ഒടുവില്‍ പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആറ് പേര് അറസ്റ്റിലായിരുന്നു. മൂന്നുപേര്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു.