എംജി വിസി നിയമനം: സാബു തോമസ് അടക്കമുള്ളവരുടെ പട്ടിക സ൪ക്കാ൪ കൈമാറി
Saturday, May 27, 2023 10:01 PM IST
തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറുടെ താത്കാലിക നിയമനത്തിനായി വിരമിച്ച വിസി ഡോ. സാബു തോമസിന്റെ പേരുൾപ്പെടെയുള്ള പട്ടിക സർക്കാ൪, ഗവർണ൪ക്കു കൈമാറി. ഡോ. സാബു തോമസിനെ കൂടാതെ അരവിന്ദ് കുമാർ, കെ. ജയചന്ദ്രൻ എന്നിവരാണ് പട്ടികയിലുള്ളത്.
എംജി യൂണിവേഴ്സിറ്റി വിസിയുടെ താത്കാലിക നിയമനത്തിനായി മൂന്നംഗ പട്ടിക നൽകാൻ ഗവർണർ സർക്കാരിനോടു നിർദേശിച്ചിരുന്നു. എംജി വിസി ഡോ.സാബു തോമസ് ഇന്ന് വിരമിച്ചു. അദ്ദേഹത്തിന് പുനർനിയമനം നൽകണമെന്ന മന്ത്രി ഡോ.ബിന്ദുവിന്റെ നിർദ്ദേശം ഗവർണർ അംഗീകരിച്ചില്ല.
പകരം മൂന്ന് പേരുടെ പാനൽ സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. സാബുതോമസ് വഹിച്ചിരുന്ന മലയാളം വിസിയുടെ അധികചുമതല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ മലയാളം പ്രഫസർ. ഡോ. പി. എസ്. രാധാകൃഷ്ണന് നൽകാമെന്നും സ൪ക്കാ൪ ഗവ൪ണറെ അറിയിച്ചു. ഗവർണർ തിങ്കളാഴ്ച മടങ്ങി യെത്തിയ ശേഷമാകും നടപടി.