സർക്കാർ ലാബുകളിൽ പരിശോധിക്കണം; കഫ് സിറപ്പ് കയറ്റുമതിക്ക് പുതിയ നിബന്ധന
വെബ് ഡെസ്ക്
Tuesday, May 23, 2023 3:33 PM IST
ന്യൂഡൽഹി: കഫ് സിറപ്പുകളുടെ കയറ്റുമതിക്ക് ജൂൺ ഒന്നുമുതൽ പുതിയ നിബന്ധനയുമായി കേന്ദ്ര സർക്കാർ. കഫ് സിറപ്പുകൾ കയറ്റുമതി ചെയ്യാൻ അനുമതി ലഭിക്കുംമുമ്പ് നിർദിഷ്ട സർക്കാർ ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദേശം.
ഇന്ത്യൻ സ്ഥാപനങ്ങൾ കയറ്റുമതി ചെയ്യുന്ന കഫ് സിറപ്പുകളുടെ ഗുണനിലവാരം മോശമാണെന്ന് ചൂണ്ടിക്കാട്ടി ആഗോളതലത്തിൽ നിരോധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നടപടി.
ലബോറട്ടറികളിൽ പരിശോധിച്ച് സർട്ടിക്കറ്റ് ലഭിച്ച കഫ് സിറപ്പുകൾ മാത്രമാണ് ജൂൺ ഒന്നുമുതൽ കയറ്റുമതി ചെയ്യാൻ അനുവദിക്കുകയുള്ളുവെന്ന് വിദേശ വ്യാപര ഡയറക്ട്രേറ്റ് ജനറൽ (ഡിജിഎഫ്ഡി) തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഇന്ത്യൻ ഫാർമകോപ്പിയ കമ്മീഷൻ, റീജിയണൽ ഡ്രഗ് ടെസ്റ്റിംഗ് ലാബ് (അർഡിറ്റിഎൽ), സെൻട്രൽ ഡ്രഗ്സ് ലാബ് (സിഡിഎൽ-കോൽക്കത്ത), സെൻട്രൽ ഡ്രഗ് ടെസ്റ്റിംഗ് ലാബ്( സിഡിറ്റിഎൽ-ചെന്നൈ, ഹൈദരാബാദ്, മുംബൈ), ആർഡിറ്റിഎൽ (ഗുവാഹത്തി), കൂടാതെ എൻഎബിഎൽ എന്നിവയാണ് നിർദിഷ്ട കേന്ദ്ര സർക്കാർ ലാബുകളിൽ ഉൾപ്പെടുന്നത്.
നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് ആണ് സംസ്ഥാന സർക്കാരുകളുടെ അംഗീകൃത ഡ്രഗ് ടെസ്റ്റിംഗ് ലാബുകൾ.
കഴിഞ്ഞ വർഷം ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ നിർമിത കഫ് സിറപ്പ് നിരോധിച്ചിരുന്നു. ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിനും ഇന്ത്യൻ നിർമിത കഫ് സിറപ്പ് കാരണമായതായി ചൂണ്ടിക്കാട്ടി നിരോധിച്ചിരുന്നു.