സ്വിറ്റ്സർലൻഡിൽ വിമാനം തകർന്നുവീണ് മൂന്ന് പേർ മരിച്ചു
Sunday, May 21, 2023 7:26 AM IST
സൂറിച്ച്: പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ ന്യൂഷാതെലിൽ വിനോദസഞ്ചാരികളുമായി സർവീസ് നടത്തുകയായിരുന്ന ചെറുവിമാനം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. വിമാനത്തിന്റെ പൈലറ്റും രണ്ട് സഞ്ചാരികളുമാണ് മരിച്ചത്.
സമീപത്തുള്ള ഷോ ദെ ഫോൺസ് വിമാനത്താവളത്തിൽ നിന്ന് സർവീസ് ആരംഭിച്ച വിമാനം ശനിയാഴ്ച ഉച്ചയോടെയാണ് തകർന്നുവീണത്. മലയോര മേഖലയിൽ വച്ച് നടന്ന അപകടമായതിനാൽ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള നടപടികൾ മെല്ലെയാണ് നടക്കുന്നത്.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.