റഷ്യൻ സ്നിപ്പർ ആക്രമണം; യുക്രെയ്ൻ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
Thursday, April 27, 2023 8:44 PM IST
കീവ്: യുക്രെയ്നിൽ റഷ്യൻ സ്നിപ്പർ ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. യുക്രെയ്ൻ മാധ്യമപ്രവർത്തകനായ ബൊഗ്ദാൻ ബിറ്റിക്ക് ആണ് കൊല്ലപ്പെട്ടത്. ഇറ്റാലിയൻ മാധപ്രവർത്തകൻ കൊറാഡോ സുനിനോയ്ക്കൊപ്പം യുക്രെയ്ൻ നഗരമായ ഖേർസണിലേക്ക് യാത്ര ചെയ്യുമ്പോഴാണ് വെടിയേറ്റത്.
ലാ റിപ്പബ്ലിക്ക റിപ്പോർട്ടർ സുനിനോയ്ക്ക് തോളിൽ വെടിയേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്, യൂറോപ്യൻ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് എന്നീ സംഘടനകൾ കൊലപാതകത്തെ അപലപിച്ചു.
മാധ്യമപ്രവർത്തകരെ ലക്ഷ്യംവയ്ക്കുന്നത് അവസാനിപ്പിക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാനും റഷ്യൻ സേനയോട് സംഘടനകൾ ആവശ്യപ്പെട്ടു.