മുംബൈയ്ക്ക് വമ്പൻ തോൽവി സമ്മാനിച്ച് ഗുജറാത്ത്
Wednesday, April 26, 2023 8:47 AM IST
അഹമ്മദാബാദ്: അവസാന നാല് ഓവറുകൾക്കിടെ 70 റൺസ് വഴങ്ങി അടി വാങ്ങിക്കൂട്ടിയ മുംബൈ ഇന്ത്യൻസിന് ഗുജറാത്ത് ടൈറ്റൻസിനെതിരെ വമ്പൻ തോൽവി. മുംബൈയെ 55 റൺസിന് തകർത്ത ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ മറികടന്ന് 10 പോയിന്റുമായി ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസ് ശുഭ്മാൻ ഗിൽ(56), ഡേവിഡ് മില്ലർ(46) എന്നിവരുടെ കരുത്തിൽ 208 റൺസിന്റെ വിജയലക്ഷ്യമാണ് മുംബൈയ്ക്ക് നൽകിയത്. നൂർ അഹ്മദ് - റാഷിദ് ഖാൻ അഫ്ഗാൻ ബൗളിംഗ് സഖ്യത്തിന് മുന്നിൽ തകർന്നടിഞ്ഞ മുംബൈയുടെ പോരാട്ടം 152 റൺസിൽ അവസാനിച്ചു.
സ്കോർ:
ഗുജറാത്ത് ടൈറ്റൻസ് 207/6(20)
മുംബൈ ഇന്ത്യൻസ് 152/9(20)
വമ്പൻ സ്കോർ ചേസ് ചെയ്യാനെത്തിയ മുംബൈയെ നായകൻ രോഹിത് ശർമ(2) ടോപ് എഡ്ജ് ക്യാച്ച് നൽകി രണ്ടാം ഓവറിൽ തന്നെ കൈയൊഴിഞ്ഞു. ഇംപാക്ട് പ്ലെയർ തിലക് വർമ(2), ഇഷാൻ കിഷൻ(13) എന്നിവരും നിരാശപ്പെടുത്തിയപ്പോൾ കാമറൂൺ ഗ്രീൻ(33) മാത്രമാണ് മുന്നേറ്റ നിരയിൽ പിടിച്ചുനിന്നത്.
ഒറ്റയക്ക സ്കോറിന്റെ ശാപത്തിൽ നിന്ന് വിമുക്തി നേടിയ സൂര്യകുമാർ യാദവ്(23), നെഹൽ വധേര(40) നടത്തിയ ചെറു മിന്നലാട്ടത്തിന് സാക്ഷി വഹിച്ച ശേഷം വേഗം കൂടാരം കയറി. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎൽ സ്കോർ ബോർഡിൽ തെണ്ടുൽക്കർ എന്ന പേര് തെളിയിച്ച അർജുൻ(13), തനിക്കും സിക്സ് പറത്താൻ കെൽപ്പുണ്ടെന്ന് ഒറ്റ ഷോട്ടിലൂടെ തെളിയിച്ചത് മാത്രമാണ് മുംബൈയുടെ ലെഗസി ആരാധകരെ മത്സരത്തിന്റെ ഒടുവിൽ സന്തോഷിപ്പിച്ച ഏക കാര്യം.
നാലോവറിൽ 37 റൺസ് വിട്ടുകൊടുത്ത അഹ്മദ് മൂന്ന് വിക്കറ്റുകൾ പിഴുതപ്പോൾ 27 റൺസ് വഴങ്ങിയ റാഷിദിന് രണ്ട് വിക്കറ്റുകൾ ലഭിച്ചു. മോഹിത് ശർമ രണ്ടും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും നേടി.
നേരത്തെ, 34 പന്ത് നീണ്ടുനിന്ന ഇന്നിംഗ്സിൽ ഏഴ് ഫോറുകളും ഒരു സിക്സും പായിച്ചാണ് ഗിൽ തകർത്തടിച്ചത്. മില്ലറുടെ കിടിലൻ ഷോട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട യുവതാരം അഭിനവ് മനോഹർ(42) ടൈറ്റൻസിനെ 200 റൺസ് കടത്തി.
നാലോവറിൽ 34 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ നേടിയ പീയൂഷ് ചൗളയാണ് മുബൈ നിരയിൽ ഭേദപ്പെട്ട ബൗളിംഗ് കാഴ്ചവച്ചത്. റൈലി മെറിഡിത്ത് 49 റൺസ് ടൈറ്റൻസിന് സംഭാവന ചെയ്തപ്പോൾ കെ. കാർത്തികേയ 39 റൺസ് വിട്ടുകൊടുത്തു.
ബൗളിംഗ് ഓപ്പൺ ചെയ്ത തെണ്ടുൽക്കർ ജൂണിയർ കഴിഞ്ഞ കളിയിലെ "തല്ലുകൊള്ളി' സ്വഭാവം പുറത്തെടുത്തില്ല. ആദ്യ സ്പെല്ലിന് ശേഷം പരിക്കേറ്റ് ബൗളിംഗിൽ നിന്ന് പിന്മാറിയ അർജുൻ രണ്ട് ഓവറിൽ ഒമ്പത് റൺസ് മാത്രം നൽകി ഒരു വിക്കറ്റ് നേടി.