രണ്ടാം ജയം സ്വന്തമാക്കി മുംബൈ
Sunday, April 16, 2023 11:33 PM IST
കോൽക്കത്ത: ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുന്റെ അരങ്ങേറ്റ മത്സരത്തിൽ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്.
നിശ്ചിത ഓവറിൽ അഞ്ച് ആറ് വിക്കറ്റ് നഷ്ടത്തിൽ കോൽക്കത്ത ഉയർത്തിയ 186 റൺസെന്ന വിജയലക്ഷ്യം 15 പന്ത് ബാക്കി നിൽക്കെ മുംബൈ മറികടന്നു. 2008-ൽ ബ്രണ്ടൻ മക്കല്ലത്തിലൂടെ ഐപിഎൽ ചരിത്രത്തിലെ ആദ്യ സെഞ്ചുറി നേടിയ ശേഷം സെഞ്ചുറി വരൾച്ച നേരിട്ട കോൽക്കത്തയ്ക്ക് വെങ്കിടേഷ് അയ്യർ(104) ശാപമോക്ഷം സമ്മാനിച്ചെങ്കിലും വിജയം അകന്നുനിന്നു.
ഇഷാൻ കിഷൻ(58), ഫോമിലേക്ക് മടങ്ങിയെത്തിയ സൂര്യകുമാർ യാദവ്(43) എന്നിവരുടെ പ്രകടനമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.
രോഹിത് ശർമ(20) വേഗം മടങ്ങിയെങ്കിലും അഞ്ച് വീതം ഫോറുകളും സിക്സും പായിച്ച ഇന്നിംഗ്സിലൂടെ കിഷൻ ചേസിൽ സ്കോർ ഉയർത്തി. കിഷൻ മടങ്ങിയ ശേഷം യാദവ് - തിലക് വർമ(30) സഖ്യം ടീമിനെ വിജയത്തിനടുത്തെത്തിച്ചു. കോൽക്കത്തയ്ക്കായി സുയാഷ് ശർമ രണ്ടും വരുൺ ചക്രവർത്തി, ലോക്കി ഫെർഗൂസൺ, ഷാർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ, 51 പന്തിൽ ആറ് ഫോറുകളും ഒമ്പത് സിക്സും നേടിയാണ് അയ്യർ സെഞ്ചുറി തികച്ചത്. 21 റൺസ് നേടിയ ആന്ദ്രേ റസൽ ആണ് ടീമിന്റെ രണ്ടാമത്തെ മികച്ച സ്കോറിനുടമ. മറ്റുള്ള ബാറ്റർമാർക്ക് തിളങ്ങാനായില്ല.
മുബൈയ്ക്കായി ഹൃത്വിക് ഷോക്കീൻ രണ്ടും കാമറൂൺ ഗ്രീൻ, ഡുയാൻ ജാൻസൻ, പീയൂഷ് ചൗള, റൈലി മെറിഡിത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഐപിഎല്ലിൽ കളിക്കുന്ന ആദ്യ അച്ഛൻ - മകൻ സഖ്യമെന്ന റിക്കാർഡ് സ്വന്തമാക്കിയ മത്സരത്തിൽ തെൻഡുൽക്കർ ജൂണിയർക്ക് വിക്കറ്റുകളൊന്നും ലഭിച്ചില്ല.