വിജയത്തിലേക്ക് ഓടിയെത്തി മുംബൈ
Tuesday, April 11, 2023 11:48 PM IST
മുംബൈ: ഐപിഎൽ സീസണിലെ ആദ്യ വിജയത്തിലേക്ക് അവസാന പന്തിൽ ഓടിക്കയറി മുംബൈ ഇന്ത്യൻസ്. തുടർപരാജയങ്ങൾ പേറിയ തുല്യദുഃഖിതരുടെ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്.
സ്കോർ:
ഡൽഹി ക്യാപിറ്റൽസ് 172/10(19.4)
മുംബൈ ഇന്ത്യൻസ് 173/4(20)
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിൽ അർധ സെഞ്ചുറി നേടിയ നായകൻ രോഹിത് ശർമ(65) ആണ് മുംബൈയുടെ വിജയത്തിന് അടിത്തറയിട്ടത്. 45 പന്തിൽ ആറ് ഫോറുകളും നാല് സിക്സറുകളും പായിച്ച ശർമ 18-ാം ഓവറിന് തൊട്ടുമുമ്പായി, വിജയത്തിന് 30 റൺസ് അകലെ മടങ്ങിയതോടെ ആതിഥേയർ ആശങ്കയിലായി.
ആന്റിക് നോർക്യെയുടെ കിടിലൻ ബൗളിംഗിന് മുന്നിൽ പതറിയതോടെ 12 പന്തിൽ 20 റൺസ് എന്ന വിജയസമവാക്യത്തിലേക്ക് മുംബൈ എത്തി. 19-ാം ഓവറിൽ ബംഗ്ലാ ബൗളർ മുസ്തഫിസുർ റഹ്മാനെ ടിം ഡേവിഡ്(13*) - കാമറൂൺ ഗ്രീൻ(17*) ഓസീസ് സഖ്യം രണ്ട് സിക്സറുകൾക്കടക്കം പറത്തി ആകെ 15 റൺസ് നേടി.
ആറ് പന്തിൽ അഞ്ച് റൺസെന്ന ലക്ഷ്യത്തിലേക്ക് എളുപ്പം മുന്നേറാൻ നോർക്യെയുടെ യോർക്കറുകൾ മുംബൈയെ അനുവദിച്ചില്ല. ഒടുവിൽ അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുത്താണ് മുംബൈ രണ്ട് പോയിന്റുകൾ സ്വന്തമാക്കിയത്. ലോംഗ് ഓഫിലേക്ക് ടിം ഡേവിഡ് പായിച്ച പന്ത് കൈക്കലാക്കിയ ക്യാപിറ്റൽസ് നായകൻ ഡേവിഡ് വാർണർ, വളരെ ഉയരത്തിലാണ് കീപ്പറിലേക്ക് പന്ത് ത്രോ ചെയ്തത്. അഭിഷേക് പോരലിന്റെ ഗ്ലൗസിൽ പന്ത് എത്തിയ വേളയിൽ മുംബൈ വിജയറൺ പൂർത്തിയാക്കിയിരുന്നു.
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ക്യാപിറ്റൽസിനായി ഓപ്പണറായി എത്തിയ വാർണർ 51 റൺസ് നേടിയിരുന്നു. മനീഷ് പാണ്ഡേ(26) ഒഴിച്ച് മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ ചെറിയ സ്കോറിൽ ടീം ഒതുങ്ങുമെന്ന് കരുതി.
എന്നാൽ 25 പന്തിൽ നാല് ഫോറും അഞ്ച് സിക്സും പായിച്ച് 54 റൺസെടുത്ത അക്സർ പട്ടേൽ ടീമിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചു. ആറ് ഡൽഹി ബാറ്റർമാർ ഒറ്റയക്ക സ്കോറിനാണ് പുറത്തായത്. നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ പിഴുത വെറ്ററൻ താരം പീയൂഷ് ചൗളയാണ് മുംബൈ ബൗളിംഗിനെ നയിച്ചത്. ജേസൺ ബെഹ്റൻഡ്രോഫും മൂന്ന് വിക്കറ്റുകൾ നേടി.
ആദ്യ ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് എത്തി. ക്യാപിറ്റൽസ് പോയിന്റ്രഹിതരായി അവസാന സ്ഥാനത്ത് തുടരുന്നു.