കാത്തിരിപ്പിന് അന്ത്യം; യുക്രെയ്നിലേക്ക് ലെപ്പേർഡ് ടാങ്കുകൾ അയച്ച് ജർമനി
Tuesday, March 28, 2023 11:42 AM IST
കീവ്: യുക്രെയ്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ നൽകി ജർമനി. 18 ലെപ്പേർഡ്-2 ടാങ്കുകളാണ് അയച്ചതെന്ന് ജർമൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ സൈന്യത്തിന് യുദ്ധടാങ്കുകൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകിയ ശേഷമാണ് എത്തിച്ചത്.
യുക്രെയനുമായുള്ള യുദ്ധത്തില്‍ റഷ്യയുടെ കുന്തമുനയായ ടി 90 ടാങ്കുകളോട് കിടപിടിക്കാന്‍ ശേഷിയുള്ളതാണ് ജര്‍മന്‍ നിര്‍മിത ലെപ്പേർഡ്-2 ടാങ്കുകള്‍. പരിപാലനച്ചെലവ് കുറവാണ് എന്നതിനൊപ്പം അതി ശൈത്യത്തിലും സുഗമമായി ഉപയോഗിക്കാന്‍ കഴിയും എന്നതും ലെപ്പേർഡ്-2ന്റെ നേട്ടമാണ്.
ലെപ്പേർഡ്- 2 എത്തുന്ന കാര്യത്തിൽ യുക്രെയ്ൻ സർക്കാരിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. അതേസമയം, യുകെയിൽ നിന്നുള്ള ചലഞ്ചർ 2 ടാങ്കുകൾ എത്തിയെന്ന കാര്യം യുക്രെയ്ൻ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യയുടെ അധിനിവേശത്തെ ചെറുക്കുന്നതിന് കൂടുതൽ ആധുനിക വാഹനങ്ങളും ആയുധ സംവിധാനങ്ങളും വേണമെന്ന് യുക്രെയ്ൻ കഴിഞ്ഞ മാസങ്ങളായി ആവശ്യപ്പെട്ടിരുന്നു.