അമൃത്പാൽ സിംഗിന് അഭയം നൽകിയ യുവതി പിടിയിൽ
Thursday, March 23, 2023 6:45 PM IST
അമൃത്സർ: ഖലിസ്ഥാൻ അനുകൂലിയും വാരിസ് പഞ്ചാബ് ദേ സംഘത്തിന്റെ തലവനുമായ അമൃത്പാൽ സിംഗിന് ഒളിസങ്കേതം ഒരുക്കിയ യുവതി പിടിയിൽ. കുരുക്ഷേത്ര സ്വദേശിയായ ബൽജിത് കൗർ ആണ് അറസ്റ്റിലായത്.
മാർച്ച് 18-ന് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ സിംഗിന് പിറ്റേദിവസം ഒളിവിൽ പാർക്കാൻ സൗകര്യം ഒരുക്കിയത് കൗർ ആയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മാർകണ്ഡ പട്ടണത്തിലെ സിദ്ധാർഥ് കോളനിയിലെ കൗറിന്റെ വസതിയിലാണ് സിംഗ് ഒളിവിൽ കഴിഞ്ഞത്.
സിംഗിനൊപ്പം ഇയാളുടെ കൂട്ടാളി പാപൽപ്രീത് സിംഗും കൗറിന്റെ വസതിയിൽ എത്തിയിരുന്നു. പാപൽപ്രീതിന്റെ സുഹൃത്തായ കൗർ, അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സിംഗിന് അഭയം ഒരുക്കിയത്. അമൃത്പാൽ സിംഗ് ആരാണെന്ന് കൗറിന് അറിവില്ലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
ചോദ്യംചെയ്യലിന് ശേഷം കൗറിനെ വിട്ടയച്ചെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.