എന്റെ സഹോദരൻ ഒരിക്കലും ഭയപ്പെട്ടിട്ടില്ല, ഭയപ്പെടുകയുമില്ല; കോടതി വിധിക്ക് പിന്നാലെ പ്രിയങ്ക
Thursday, March 23, 2023 5:53 PM IST
ന്യൂഡൽഹി: ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്തുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി. 2019-ലെ അപകീർത്തിക്കേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചതിനു പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.
ഭയം മൂലം രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. എന്റെ സഹോദരൻ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. ഇനിയൊരിക്കലും ഭയപ്പെടുകയുമില്ല. അവൻ ഇനിയും സത്യം പറഞ്ഞുകൊണ്ടേയിരിക്കും. സത്യത്തിന്റെ ശക്തിയും കോടിക്കണക്കിന് ആളുകളുടെ സ്നേഹവും അവനൊപ്പമുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്ക് പുറമേ മറ്റ് പ്രതിപക്ഷ നേതാക്കളും കോടതി വിധിയെ വിമർശിച്ച് രംഗത്തെത്തി. മോദി സമുദായത്തിനെതിരെ പരാമർശം നടത്തിയ കേസിലാണ് രാഹുലിനുശിക്ഷ വിധിച്ചത്. കേസിൽ ശിക്ഷ വിധിച്ചെങ്കിലും കോടതി അദ്ദേഹത്തിനു ജാമ്യം നൽകുകയും അപ്പീലിന് അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്.