പിഎഫ്ഐ നിരോധനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ
Tuesday, March 21, 2023 6:13 PM IST
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും ഏർപ്പെടുത്തിയ നിരോധനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ. സംഘടനയെ നിരോധിക്കാനുള്ള മതിയായ കാരണങ്ങളുണ്ടെന്ന സർക്കാർ വാദം ട്രൈബ്യൂണൽ അംഗീകരിച്ചു.
2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. യുഎപിഎ മൂന്നാം വകുപ്പ് പ്രകാരമായിരുന്നു നടപടി.
ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂണിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നിവയാണ് നിരോധിച്ചത്.
നിരോധനത്തിന് പിന്നാലെ സംഘടനകളുടെ ഓഫിസുകള്‍ പൂട്ടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.