പോൾ ആറാമൻ മാർപാപ്പായിൽനിന്ന് മെത്രാഭിഷേകം
Saturday, March 18, 2023 3:25 PM IST
കോട്ടയം: പോൾ ആറാമൻ മാർപാപ്പായിൽനിന്ന് 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വച്ചായിരുന്നു മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേകം. ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി നിയമിച്ച അറിയിപ്പ് അന്നത്തെ വത്തിക്കാൻ ന്യുണ്‍ഷ്യോ വഴിയാണ് ലഭിച്ചത്.
ഇതനുസരിച്ചു ചങ്ങനാശേരിയിൽ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾക്ക് അതിരൂപത കേന്ദ്രം ആലോചന തുടങ്ങി. ഇതിനിടയിൽ മെത്രാഭിഷേകം വത്തിക്കാനിലായിരിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള റോമിൽനിന്നുള്ള അറിയിപ്പ് ന്യുണ്‍ഷ്യോ വഴി ചങ്ങനാശേരി അരമനയിലേക്കു കൈമാറി.
തമിഴ്നാട്ടിൽനിന്നുള്ള ഫാ. അരുളപ്പ ഉൾപ്പെടെ 18 പേർ മാർ ജോസഫ് പവ്വത്തിലിനൊപ്പം റോമിൽ അന്നു മെത്രാൻമാരായി അഭിഷിക്തരായി. കർദിനാൾ ഡോ.ലൂർദ് സ്വാമിയാണ് അനുമോദന പ്രസംഗം നടത്തിയത്. ഇംഗ്ലണ്ടിൽ അക്കാലത്തു ജോലിയിലായിരുന്ന സഹോദരൻ ഡോ. ജോണ്‍ പവ്വത്തിലും ഭാര്യയും ചടങ്ങിൽ സംബന്ധിച്ചു.
പോൾ ആറാമൻ പാപ്പയുമായി എക്കാലവും അദ്ദേഹം ആത്മബന്ധം പുലർത്തിയിരുന്നു. ആദ്യമായി ഇന്ത്യ സന്ദർശിച്ച മാർപാപ്പ പോൾ ആറാമനാണ്. മാർപാപ്പ 1964-ൽ മുംബൈ എത്തിയപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാൻ കൊച്ചിയിൽ നിന്നും കപ്പൽ മാർഗമാണ് അദ്ദേഹം മുംബൈയിൽ എത്തിയത്.