ചങ്ങനാശേരി: ചങ്ങനാശേരി ആർച്ച് ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പവ്വത്തിൽ (92) കാലം ചെയ്തു. ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.17 ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.

കേരള സഭയുടെ ഉറച്ചശബ്ദവും ഇന്‍റർ ചർച്ച് കൗൺസിലിന്‍റെ ഉപജ്ഞാതാവും വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളുടെ മുന്നണി പോരാളിയുമായിരുന്നു മാർ ജോസഫ് പവ്വത്തിൽ. സിബിസിഐയുടെയും കെസിബിസിയുടെയും മുൻ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1930 ഓഗസ്റ്റ് 14-നാണ് ജോസഫ്-മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശേരി കുറുമ്പനാടം പവ്വത്തിൽ വീട്ടിൽ പി.ജെ. ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 1962 ഒക്ടോബർ മൂന്നിന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.

1962 മുതൽ ഒരു ദശാബ്ദക്കാലം ചങ്ങനാശേരി എസ്ബി കോളജിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹം. 1977 ഫെബ്രുവരി 13ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി അഭിഷിക്തനായി.

1985 നവംബർ അഞ്ചിന് ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി. മാർ ജോസഫിനു മുൻപ് മാർ ആന്‍റണി പടിയറയായിരുന്നു ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത. 2007-ല്‍ അതിരൂപത ഭരണത്തില്‍ നിന്ന് വിരമിച്ചു.