പതിവ് തിരക്കഥ; മുംബൈയ്ക്ക് ജയം
Tuesday, March 14, 2023 11:17 PM IST
മുംബൈ: ഒരു ചെറിയ ട്വിസ്റ്റ് എങ്കിലും ആരെങ്കിലും വരുത്തിയിരുന്നെങ്കിൽ എന്ന് ഡബ്ല്യുപിഎൽ പ്രേമികൾ ആഗ്രഹിച്ച് പോകുന്ന തരത്തിൽ വിജയത്തിരക്കഥ ആടിത്തുടർന്ന് മുംബൈ ഇന്ത്യൻസ്.
എൻ. ശ്രീനിവാസനെന്ന ഭീഷ്മാചാര്യർ ചെന്നൈ സൂപ്പർ "ക്വീൻസി'നെ രംഗത്തിറക്കും വരെ വനിതാ പ്രീമിയർ ലീഗിൽ മൂംബൈയ്ക്ക് ഒത്ത എതിരാളി വരില്ലെന്ന പ്രേക്ഷക പ്രതികരണം ശരിവയക്കുന്ന രീതിയിലാണ് മുംബൈ ഇന്നത്തെ വേട്ടമൃഗമായ ഗുജറാത്ത് ജയന്റ്സിനെ വീഴ്ത്തിയത്. ജയന്റ്സിനെതിരെ നേടിയ 55 റൺസ് ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ പോയിന്റ് നേട്ടം 10 ആയി ഉയർത്തി.
മുംബൈയുടെ തുടർച്ചയായ അഞ്ചാം ജയത്തിന് വഴിവച്ചത് യാസ്തിക ഭാട്ടിയ, ഹർമൻപ്രീത് കൗർ എന്നിവരുടെ മികച്ച ബാറ്റിംഗാണ്. മുംബൈ കുറിച്ച 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജയന്റ്സ് 107 റൺസിന് പോരാട്ടം അവസാനിപ്പിച്ചു.
സ്കോർ:
മുംബൈ ഇന്ത്യൻസ് 162/8(20)
ഗുജറാത്ത് ജയന്റ്സ് 107/9 (20)
ആറ് ബാറ്റർമാർ ഒറ്റയക്ക സ്കോറിന് പുറത്തായ ജയന്റ്സിനായി ഹർലീൻ ഡിയോൾ(22) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. സോഫിയ ഡങ്ക്ലി, അന്നബെൽ സതർലാൻഡ് എന്നിവർ പൂജ്യത്തിനും അഷ്ലി ഗാർഡ്നർ എട്ട് റൺസിനും പുറത്തായി.
വാലറ്റത്ത് സുഷ്മ വർമ(18) നടത്തിയ ചെറുത്തുനിൽപ്പാണ് ടീമിനെ 100 കടത്തിയത്. നതാലി സ്കിവർ, ഹെയ്ലി മാത്യൂസ് എന്നിവർ മുംബൈയ്ക്കായി മൂന്ന് വിക്കറ്റുകൾ വീതം നേടി. അമേലിയ കെർ രണ്ടും ഇസി വോംഗ് ഒരു വിക്കറ്റും കരസ്ഥമാക്കി.
ആദ്യം ബാറ്റ് ചെയ്ത മുംബൈയെ ഭാട്ടിയ(44), കൗർ(51) എന്നിവരുടെ വെടിക്കെട്ടാണ് മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണർ മാത്യൂസിനെ(0) വേഗം നഷ്ടമായെങ്കിലും സ്കിവർ(36) ഭാട്ടിയയ്ക്ക് മികച്ച പിന്തുണ നൽകി.
ടീം സ്കോർ 84-ൽ നിൽക്കെ ഭാട്ടിയ പുറത്തായെങ്കിലും ഇന്നിംഗ്സ് അവസാനിക്കാൻ ഒരു പന്ത് ബാക്കി നിൽക്കെ വരെ കൗർ ക്രീസിൽ തുടർന്നത് മുംബൈയ്ക്ക് ആശ്വാസമായി. 30 പന്ത് നീണ്ട് നിന്ന ഇന്നിംഗ്സിൽ കൗർ ഏഴ് ഫോറുകളും രണ്ട് സിക്സുമാണ് നേടിയത്.
ജയന്റ്സിനായി ഗാർഡ്നർ മൂന്നും കിം ഗാർത്ത്, സ്നേഹ് റാണ, തനൂജ കാൺവാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.