ഇമ്രാന് ആശ്വാസം; അറസ്റ്റ് വാറണ്ട് തിങ്കളാഴ്ച വരെ സസ്പെൻഡ് ചെയ്തു
Wednesday, March 8, 2023 11:01 AM IST
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) തലവനുമായ ഇമ്രാൻ ഖാനെതിരെയുള്ള ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് സസ്പെൻഡ് ചെയ്ത് ഇസ്ലാമാബാദ് ഹൈക്കോടതി. ഇസ്ലാമാബാദ് സെഷന്‍സ് കോടതിയായിരുന്നു ഇമ്രാന് ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
അഡീഷണൽ സെഷൻസ് ജഡ്ജിയുടെ തീരുമാനത്തിനെതിരായ ഖാന്റെ ഹർജി ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആമർ ഫാറൂഖ് അംഗീകരിച്ചു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വിചാരണക്കോടതിയിൽ മാർച്ച് 13ന് ഹാജരാകണമെന്ന് പിടിഐ ചെയർമാനോട് നിർദേശിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ മറിച്ചുവിറ്റ് പണം സമ്പാദിച്ചെന്ന "തോഷഖാന' കേസിലാണ് ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് വന്നത്. കേസിൽ പലതവണ സമന്‍സ് നല്‍കിയിട്ടും ഹാജരാവാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.
ചൊവ്വാഴ്ചയും കേസിൽ ഇസ്ലാമാബാദ് സെഷൻസ് കോടതിയിലെ വാദം കേൾക്കുന്നത് ഇമ്രാൻ ഒഴിവാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടർന്നു മുൻ പ്രധാനമന്ത്രിയോട് നേരിട്ട് ഹാജരാകാൻ സെഷൻസ് കോടതി ഉത്തരവിട്ടു.
പ്രധാനമന്ത്രിയായിരിക്കെ വിദേശ രാഷ്ട്രത്തലവന്മാരും നയതന്ത്രജ്ഞരും നൽകിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ മറിച്ചുവിൽക്കുകയും ഇതിന്റെ ശരിയായ കണക്കുകൾ വെളിപ്പെടുത്താതെ നികുതി വെട്ടിക്കുകയും ചെയ്തെന്നതാണ് ‘തോഷഖാന’ കേസ്.
പാക് സർക്കാർ ഉദ്യോഗസ്ഥർക്കു വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പാണു തോഷഖാന.