ബിജെപി പറയുന്നത് അനുസരിക്കുക മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പണി; ആരോപണവുമായി ഉദ്ദവ്
Saturday, February 18, 2023 5:06 PM IST
മുംബെെ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഏക്നാഥ് ഷിൻഡെ നയിക്കുന്ന വിഭാഗമാണ് യഥാർഥ ശിവസേനയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഞെട്ടിച്ചെന്നും ബിജെപി നിയന്ത്രണത്തിലാണ് കമ്മീഷൻ പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തുന്നതിന് മുൻപ് തന്നെ ഷിൻഡെ വിഭാഗത്തിന് അനുകൂലമായിരിക്കും തീരുമാനമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നു. പ്രഖ്യാപനം വരും മുൻപേ അവർ എങ്ങനെയാണ് ഇക്കാര്യം അറിഞ്ഞത്. ബിജെപി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുകയാണ്. രാഷ്ട്രീയ യജമാനൻമാർ പറയുന്നത് അനുസരിക്കുക മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പണിയെന്നും ഉദ്ദവ് വിമർശിച്ചു.
നേരത്തെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷമാണ് യഥാർഥ ശിവസേനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ആറ് മാസം മുന്പ് ഷിൻഡെ പക്ഷം സമർപ്പിച്ച പരാതിയിലാണ് മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷൻ ഐകകണ്ഠേന തീരുമാനമെടുത്തത്.
പാർട്ടിയുടെ അവകാശത്തെച്ചൊല്ലി സുപ്രീം കോടതിയിൽ കേസ് നടക്കവേയാണ് കമ്മീഷന്റെ നടപടി.