ഉമ്മൻ ചാണ്ടിയെ എയർ ആംബുലൻസിൽ ബംഗളൂരുവിലേക്ക് മാറ്റിയേക്കും
സ്വന്തം ലേഖകൻ
Tuesday, February 7, 2023 7:27 PM IST
തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ചു ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച വൈകുന്നേരം എയർ ആംബുലൻസിൽ ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയേക്കും എന്നാണ് സൂചന.
ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധയാണ് അദ്ദേഹത്തിനുള്ളത്. ആന്‍റിബയോട്ടിക്ക് സ്റ്റാർട്ട് ചെയ്തതായും ശ്വാസംമുട്ട് കുറഞ്ഞതായും ഉമ്മൻ ചാണ്ടിയെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു.
അതേസമയം, നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ ബോര്‍ഡിന്‍റെ മേല്‍നോട്ടത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി ഡോക്ടര്‍മാരോട് നിര്‍ദേശിച്ചു.
തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആരോഗ്യമന്ത്രി നേരിട്ട് ആശുപത്രിയിലെത്തിയത്.