സിദ്ദിഖ് കാപ്പൻ ഇന്നു ജയിൽ മോചിതനാകും
Thursday, February 2, 2023 7:05 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ജയിലിൽ കഴിഞ്ഞിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് മോചിതനാകും. എല്ലാ ജാമ്യനടപടികളും പൂർത്തിയാക്കി വിചാരണക്കോടതി ബുധനാഴ്ച റിലീസിംഗ് ഓർഡർ പുറത്തിറക്കിയിരുന്നു.
മാധ്യമ പ്രവർത്തകനടക്കം രണ്ടുപേരാണ് ഇഡി കേസിൽ സിദ്ദിഖിന് ആൾജാമ്യം നിൽക്കുന്നത്. ഇവരുടെ രേഖകളുടെ പോലീസ് പരിശോധന നടപടി തിങ്കളാഴ്ച പൂർത്തിയായിരുന്നു. ജഡ്ജി അവധി ആയതിനെത്തുടർന്ന് തുടർനടപടികൾ ചൊവ്വാഴ്ച നടന്നില്ല. റിലീസിംഗ് ഓർഡർ ഇറങ്ങിയതോടെ സിദ്ദിഖിന് ഇന്നു പുറത്തിറങ്ങാൻ കഴിയും.
കാപ്പനെതിരേ തെളിവുകൾ അപര്യാപ്തമെന്നും കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 45-ാം വകുപ്പ് പ്രകാരം ഒരു കോടി രൂപയിൽ താഴെയുള്ള ഇടപാടുകൾ കണക്കിലെടുക്കാൻ കഴിയില്ലെന്നും കൂട്ടുപ്രതിയുടെ അക്കൗണ്ടിലേക്കു വന്ന 5,000 രൂപ അല്ലാതെ മറ്റൊരു ഇടപാടും നടന്നതായി തെളിയിക്കാൻ ഇഡിക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഡിസംബർ 23 നാണ് ഇഡി കേസിൽ അലാഹാബാദ് ഹൈക്കോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്.
തുടർന്ന് വിചാരണ കോടതി ലക്ഷം രൂപ വിതമുള്ള രണ്ട് യുപി സ്വദേശികളുടെ ആൾജാമ്യം വേണമെന്ന വ്യവസ്ഥ നിശ്ചയിക്കുകയിരുന്നു. യുഎപിഎ കേസിൽ സുപ്രീംകോടതി സെപ്റ്റംബർ ഒൻപതിന് സിദ്ദിഖിന് ജാമ്യം അനുവദിച്ചിരുന്നു.