മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ചിട്ടില്ലെന്ന് തരൂർ
Friday, January 13, 2023 3:43 PM IST
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പാർട്ടിയും ജനങ്ങളുമാണ് സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഇപ്പോഴേ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. താനിപ്പോൾ എംപിയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പദവിക്ക് തയാറല്ലേ എന്ന് ചോദിച്ചപ്പോൾ ആ ഉത്തരവാദിത്വം എൽപിച്ചാൽ താൻ അത് സ്വീകരിക്കുമെന്ന് മാത്രമാണ് പറഞ്ഞതെന്നും ശശി തരൂർ വിശദീകരിച്ചു.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രവർത്തിക്കാൻ തയാറാവുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും ആരാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നും തരൂർ ചോദിച്ചു.
തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ പഴയതുപോലെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയില്ല. പ്രതിപക്ഷം ഒന്നിച്ച് നിന്നാൽ സീറ്റുകളുടെ എണ്ണത്തിൽ മുന്നിലെത്താമെന്നും ശശി തരൂർ പറഞ്ഞു.
കേരളം തന്റെ കർമ്മഭൂമിയാണ്. പര്യടനമല്ല ഇപ്പോൾ നടത്തുന്നതെന്നും ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.