നേപ്പാളിൽ ട്വിസ്റ്റ്: "പ്രചണ്ട' പ്രധാനമന്ത്രി പദവിയിലേക്ക്
Sunday, December 25, 2022 8:48 PM IST
കാഠ്മണ്ഡു: നേപ്പാളി കോൺഗ്രസ് പാർട്ടിയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം ഉപേക്ഷിച്ച് മണിക്കൂറുകൾക്കുള്ളിൽ പുതിയ രാഷ്ട്രീയ നീക്കവുമായി സിപിഎൻ - മാവോയിസ്റ്റ് സെന്റർ നേതാവ് പുഷ്പ കമൽ "പ്രചണ്ട' ദഹൽ.
പ്രതിപക്ഷ പാർട്ടിയായ കമ്യൂണിസ്റ്റ് യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റിനൊപ്പം(യുഎംഎൽ) ചേർന്ന് ഭരിക്കുമെന്നും അഞ്ച് വർഷ കാലയളവിലെ ആദ്യ രണ്ടര വർഷം പ്രധാനമന്ത്രി പദവി കൈയാളുമെന്നും പ്രചണ്ട അറിയിച്ചു. 2025 വരെ സ്ഥാനത്ത് തുടരുമെന്നും അതിന് ശേഷം യുഎംഎല്ലിന് പ്രധാനമന്ത്രി പദവി കൈമാറുമെന്നും പ്രചണ്ട വ്യക്തമാക്കി.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കണമെന്ന ആവശ്യം നേപ്പാളി കോൺഗ്രസ് നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഷേർ ബഹാദുർ ദുബ പരിഗണിക്കാത്തതിനാലാണ് പ്രചണ്ട കൂടുമാറ്റം നടത്തിയത്.
നേപ്പാളി കോൺഗ്രസിനൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രചണ്ട അപ്രതീക്ഷിതമായിയാണ് മറുപക്ഷത്തിനൊപ്പം ചേരുന്നത്. 275 അംഗ ജനപ്രതിനിധി സഭയിൽ 78 സീറ്റുള്ള യുഎംഎല്ലുമായി 32 സീറ്റുള്ള പ്രചണ്ടയുടെ സിപിഎൻ - എം ചേരുന്നതോടെ കേവല ഭൂരിപക്ഷമായ 135 സീറ്റ് സഖ്യത്തിന് കടക്കാനാകും. നേപ്പാളി കോൺഗ്രസ് 89 സീറ്റുമായി പ്രതിപക്ഷത്തെ മുഖ്യ കക്ഷിയാകും.
പ്രചണ്ടയെ പ്രധാനമന്ത്രിയായി നിയമിക്കുന്ന ഉത്തരവ് പ്രസിഡന്റ് ബിന്ധ്യാ ദേവി ഭണ്ഡാരി പുറപ്പെടുവിച്ചതായി ഉന്നതവൃത്തങ്ങൾ അറിയിച്ചു.
ഉരുക്ക് മുഷ്ടി നയങ്ങളുള്ള നേതാവ് എന്ന അർഥത്തിലാണ് അണികൾ പുഷ്പ കമൽ ദഹലിന് പ്രചണ്ട എന്ന വിളിപ്പേര് നൽകിയത്. 2016 ഓഗസ്റ്റ് - 2017 ജൂൺ കാലഘട്ടത്തിൽ പ്രധാനമന്ത്രി പദവി വഹിച്ച വ്യക്തിയാണ് പ്രചണ്ട.