ചില്ലറ കളിയല്ല; അർജന്റീനയ്ക്ക് കൈനിറയെ പണം
Monday, December 19, 2022 7:27 AM IST
ദോഹ: സ്വർണക്കപ്പിന് പുറമേ കൈനിറയെ പണവുമായിട്ടാണ് അർജന്റീനിയൻ താരങ്ങൾ മടങ്ങുന്നത്. ലോക ചാമ്പ്യന്മാരായ നീല പടയ്ക്ക് ഫിഫ സമ്മാന തുകയായി നൽകിയത് 347 കോടി രൂപയാണ്. ഫൈനലിൽ പൊരുതി തോറ്റ ഫ്രാൻസും വെറുംകൈയോടെ അല്ല മടങ്ങുന്നത്. 247.26 കോടി രൂപയാണ് ഫിഫ നൽകിയത്.
മൂന്നാം സ്ഥാനത്ത് എത്തിയ ക്രോയേഷ്യയ്ക്കും കിട്ടി 222.53 കോടി രൂപ. നാലാം സ്ഥാനക്കാരായ മൊറോക്കോയ്ക്ക് ലഭിച്ചത് 206.05 കോടി രൂപ. ക്വാർട്ടറിലെത്തിയവരും നിരാശരായില്ല. അവർക്കുമുണ്ട് കോടികളുടെ കിലുകിലുക്കം. 140.11 കോടി രൂപ വീതം എല്ലാ ടീമിനും നൽകി. പ്രീക്വാർട്ടറിലെത്തിയ ടീമുകൾക്കും ലഭിച്ചു 107.14 കോടി രൂപ.
ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച ബാക്കിയുള്ള 16 ടീമുകൾക്കും കിട്ടി കോടികൾ. ഒന്പത് മില്യൻ ഡോളർ. അതായത്, 74.17 കോടി രൂപ വീതം. ലോകകപ്പ് കളിക്കാനെത്തിയ മുഴുവൻ ടീമിനും കിക്കോഫിന് മുന്പുതന്നെ ഒന്നര മില്യൻ ഡോളർ വീതം അഡ്വാൻസായി നൽകിയിരുന്നു. റഷ്യൻ ലോകകപ്പിനേക്കാളും 40 മില്യൻ ഡോളർ അധികതുകയാണ് ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കു നൽകിയത്.