ആകാശത്തിന് മീതെ ഒരു മാലാഖ
Monday, December 19, 2022 5:16 AM IST
ദോഹ: ലോകകിരീടം നേടി മെസി നായകനായപ്പോൾ, നായകനെ വെല്ലുന്ന ഹീറോയിസം കാണിച്ച സഹതാരമായി എയ്ഞ്ചൽ ഡി മരിയ മാറി. ഒരു മനുഷ്യന് സാധ്യമായത് എല്ലാം ഡി മരിയ ലുസെയ്ൽ സ്റ്റേഡിയത്തിൽ ചെയ്തു.
ടീമിനുവേണ്ടി നിർണായകമായൊരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത മരിയ മാലാഖ അങ്ങനെ ഫുട്ബോൾ ചരിത്രത്തിന്റെ സുവർണപീഠത്തിലെ തന്റെ സ്ഥാനം ഒരിക്കൽ കൂടി ഉറപ്പിച്ചു.
അർജന്റീനയ്ക്കായി നാലാം ഫൈനലിലാണ് ഡി മരിയ ഗോൾ നേടുന്നത്. കഴിഞ്ഞവർഷം കോപ അമേരിക്ക ഫെെനലിൽ ബ്രസീലിനെതിരെ വിജയഗോൾ നേടിയ ഈ അർജന്റീനിയൻ മാലാഖ ഫൈനലിസിമ ട്രോഫിയിൽ ഇറ്റലിക്കെതിരെയും ലക്ഷ്യം കണ്ടിരുന്നു. 2008ൽ ബീജിംഗ് ഒളിംപിക്സിൽ അര്‍ജന്റീനയെ സ്വര്ണമണിയിച്ചതും അന്ന് 20 വയസ് മാത്രം പ്രായമുള്ള ഡി മരിയുടെ ഗോളായിരുന്നു.