കൊറോണറി സ്റ്റെന്റുകൾക്കു വില കുറയും
Friday, November 25, 2022 3:58 AM IST
ന്യൂഡൽഹി: ഹൃദയധമനികളിലെ തടസം ഒഴിവാക്കുന്നതിനുപയോഗിക്കുന്ന കൊറോണറി സ്റ്റെന്റുകളെ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഡോ. വൈ.കെ. ഗുപ്തയുടെ അധ്യക്ഷതയിലുള്ള മരുന്നുകളുടെ ദേശീയ സ്റ്റാൻഡിംഗ് കമ്മിറ്റി നൽകിയ ശിപാർശയിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
അവശ്യമരുന്നുകളുടെ പട്ടികയിൽ വരുന്നതിനാൽ ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റിയുടെ മേൽനോട്ടത്തിലാകും ഇനിമുതൽ കൊറോണറി സ്റ്റെന്റുകളുടെ വിലനിർണയം. ബെയർ മെറ്റൽ സ്റ്റെന്റുകൾ, ഡ്രഗ് എല്യൂട്ടിംഗ് സ്റ്റെന്റുകൾ എന്നിവ അവശ്യമരുന്നുപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഈ മാസം ആറിനാണ് വിദഗ്ധസമിതി ശിപാർശ നൽകിയത്.
ഹൃദയധമനിയിലെ അസുഖങ്ങൾ പൊതുജനാരോഗ്യ പ്രശ്നമാണെന്നും മരണത്തിലേക്കു നയിച്ചേക്കാവുന്ന രോഗാവസ്ഥയാണെന്നും വിദഗ്ധസമിതി വിലയിരുത്തി. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന 384 മരുന്നുകളെയും വിലനിയന്ത്രണ പരിധിയിൽ ഉൾപ്പെടുത്തിയതായി ഫാർമസ്യൂട്ടിക്കൽ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.