ദിൽ സേ മുംബൈ..! പരിശീലകനാകാൻ പൊള്ളാർഡ്
Tuesday, November 15, 2022 3:46 PM IST
മുംബൈ: അഞ്ച് കിരീടങ്ങളുടെ തലപ്പൊക്കവുമായി വാങ്കഡേയുടെ മാനസപുത്രനായി വിലസിയ കെയ്റൺ പൊള്ളാർഡ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിച്ചു.
പ്ലേയിംഗ് ഇലവനിൽ നിന്ന് എന്നേക്കുമായി വിട പറഞ്ഞെങ്കിലും മുംബൈ വിടില്ലെന്ന് വ്യക്തമാക്കിയ പൊള്ളാർഡ് ടീമിന്റെ ബാറ്റിംഗ് പരിശീലക സ്ഥാനം അലങ്കരിക്കും. അറബിക്കടലിനക്കരെ ആരംഭിക്കുന്ന യുഎഇ ട്വന്റി-20 ലീഗിലെ എംഐ എമിരേറ്റ്സ് ടീമിനായി പോരിനിറങ്ങുമെന്നും താരം വ്യക്തമാക്കി.
മുംബൈയ്ക്കായി 171 മത്സരങ്ങളിൽ നിന്ന് 3412 റൺസും 69 വിക്കറ്റും നേടിയ പൊള്ളാർഡ് ടീമിന്റെ അഞ്ച് ഐപിഎൽ കിരീട നേട്ടങ്ങളിലും രണ്ട് ചാന്പ്യൻസ് ലീഗ് വിജയങ്ങളിലും പങ്കാളിയായ താരമാണ്. 2010-ൽ നാല് ടീമുകൾ നടത്തിയ വാശിയേറിയ ലേലം വിളിക്ക് ശേഷം സീൽ ചെയ്ത ബ്ലാങ്ക് ചെക്കിൽ രേഖപ്പെടുത്തിയ ഉയർന്ന തുകയുടെ അടിസ്ഥാനത്തിലാണ് പൊള്ളാർഡ് മുംബൈ ഇന്ത്യൻസിലെത്തിയത്.
ഐപിഎൽ കരിയറിൽ ഒരു ടീമിന് വേണ്ടി മാത്രം മത്സരിച്ച താരമെന്ന റിക്കാർഡിന് ഉടമകളായ അപൂർവം താരങ്ങളിലൊരാളാണ് പൊള്ളാർഡ്. മുംബൈ ആദ്യ ഐപിഎൽ കിരീടം നേടിയ 2013 സീസണിലെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ഫൈനലിൽ പ്ലേയർ ഓഫ് ദ മാച്ച് ആയിരുന്ന താരം കൂടിയാണ് പൊള്ളാർഡ്.
13 സീസണുകളിലായി തന്നെ സ്നേഹിച്ച ആരാധകർക്കും പിന്തുണ നൽകിയ ടീം ഉടമകൾക്കും നന്ദി അറിയിച്ച താരം, താൻ മുംബൈയ്ക്കെതിരെ ഒരിക്കലും മത്സരിക്കില്ലെന്നും വ്യക്തമാക്കി.
2022 സീസണിൽ മോശം ഫോം മൂലം പല മത്സരങ്ങളിൽ നിന്നും പൊള്ളാർഡിനെ ഒഴിവാക്കിയ മുംബൈ, 2023 സീസണിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടികയിൽ അദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ പ്രഖ്യാപനം.