ചികിത്സാപ്പിഴവ്: കാൽ മുറിച്ചുമാറ്റിയ ഫുട്ബോൾ താരം മരിച്ചു
Tuesday, November 15, 2022 11:14 AM IST
ചെന്നൈ: ശസ്ത്രക്രിയയിലെ പിഴവിനെത്തുടർന്ന് കാൽ മുറിച്ചുമാറ്റിയ ഫുട്ബോൾ താരം ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ച് മരിച്ചു. ചെന്നൈ സ്വദേശിയായ കോളജ് ഫുട്ബോൾ താരം ആർ. പ്രിയ(18) ആണ് മരിച്ചത്.
വലത് കാലിലെ ലിഗമെന്റിനേറ്റ പരിക്കിനെത്തുടർന്ന് നവംബർ ഏഴിന് പെരിയാർ നഗർ സർക്കാർ ആശുപത്രിയിൽ പ്രിയയെ ആർത്രോസ്കോപി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. തുടർശസ്ത്രക്രിയയ്ക്ക് ശേഷം കാലിന് അതികഠിനമായ വേദന അനുഭവപ്പെട്ട പ്രിയയെ നഗരത്തിലെ രാജീവ് ഗാന്ധി ആശുപത്രയിലേക്ക് മാറ്റിയിരുന്നു.
ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്ന പ്രിയയുടെ ജീവൻ നിലനിർത്താനായി കോശങ്ങൾ നശിച്ച കാൽ ഡോക്ടർമാർ മുറിച്ച് നീക്കി. തുടർചികിത്സയിൽ മൃതകോശങ്ങൾ നീക്കുന്നതിനിടെ ശരീരത്തിലെ ക്രിയാറ്റിൻ നില അമിതമാവുകയും ഹൃദയം, വൃക്ക, കരൾ എന്നീ അവയവങ്ങളെ ഇത് ബാധിക്കുകയും ചെയ്തു. ഡയാലിസിസ് നടത്തിയെങ്കിലും ചൊവ്വാഴ്ച പുലർച്ചെ പ്രിയ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ തമിഴ്നാട് സർക്കാർ പ്രിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സഹോദരന് സർക്കാർ ജോലിയും നൽകുമെന്ന് പ്രഖ്യാപിച്ചു.