അയർലൻഡിനെ വീഴ്ത്തി കിവീസ് സെമിയിൽ
Friday, November 4, 2022 1:11 PM IST
അഡ്ലെയ്ഡ്: ട്വന്റി-20 ലോകകപ്പിൽ ന്യൂസിലൻഡ് സെമിഫൈനൽ ബർത്ത് ഉറപ്പിച്ചു. അയർലൻഡിനെ 35 റണ്‍സിന് തോൽപ്പിച്ചാണ് കിവീസ് അവസാന നാലിൽ സ്ഥാനം പിടിച്ചത്.
അഞ്ച് മത്സരങ്ങളിൽ നിന്നും കിവീസിന് ഏഴ് പോയിന്റ് ലഭിച്ചു. ഗ്രൂപ്പ് ഒന്നിൽ അഞ്ച് വീതം പോയിന്റുകളുമായി ഇംഗ്ലണ്ട്, ഓസ്ട്രേലിയ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഉണ്ടെങ്കിലും റണ്‍ശരാശരി നിരക്കിൽ കിവീസ് ബഹുദൂരം മുന്നിലാണ്.
ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റിന് 185 റണ്‍സ് സ്കോർ ചെയ്തു. അർധ സെഞ്ചുറിയുമായി നായകൻ കെയിൻ വില്യംസണ് മുന്നിൽ നിന്ന് നയിച്ചു. 35 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും പറത്തി നായകൻ 61 റണ്‍സ് കുറിച്ചു. വില്യംസണ് തന്നെയാണ് മാൻ ഓഫ് ദ മാച്ച്. ഫിൻ അലീൻ (32), ഡാരൽ മിച്ചൽ (31), ഡെവണ്‍ കോണ്‍വെ (28) എന്നിവർ ക്യാപ്റ്റന്‍ മികച്ച പിന്തുണ നൽകി.
അയർലൻഡിനായി ഇടംകൈയൻ പേസർ ജോഷ് ലിറ്റിൽ ഹാട്രിക് നേടി. ഇന്നിംഗ്സിലെ 19-ാം ഓവറിൽ വില്യംസണ്, ജയിംസ് നീഷം, മിച്ചൽ സാറ്റ്നർ എന്നിവരെ വീഴ്ത്തിയാണ് ലിറ്റിൽ ഹാട്രിക് തികച്ചത്. ഗാരത് ഡിലേനിക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഐറിഷ് പടയ്ക്ക് നായകൻ ആൻഡി ബാൽബേണി (30), പോൾ സ്റ്റിർലിംഗ് (37) ചേർന്ന് മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 68 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാൽ സ്പിന്നർമാർ രംഗത്തെത്തിയതോടെ ഐറിഷ് ബാറ്റിംഗ് നിര പതുങ്ങി.
മധ്യനിര കാര്യമായ പോരാട്ടത്തിന് നിൽക്കാതെ കിവീസിന് മുന്നിൽ കീഴടങ്ങിയതോടെ ഐറിഷ് ഇന്നിംഗ്സ് 150/9 എന്ന നിലയിൽ അവസാനിച്ചു. ലോക്കി ഫെർഗൂസൻ മൂന്നും മിച്ചൽ സാറ്റ്നർ, ഇഷ് സോധി, ടിം സൗത്തി എന്നിവർ രണ്ടുവീതം വിക്കറ്റുകളും നേടി.