പറന്നുയരുന്നതിനിടെ എൻജിനിൽ തീ; ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
Saturday, October 29, 2022 7:53 AM IST
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെ എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ഇൻഡിഗോയുടെ ഡൽഹി-ബംഗളൂരു വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വെള്ളിയാഴ്ച രാത്രി 9.29 ന് ആയിരുന്നു സംഭവം.
ഡൽഹി വിമാനത്താവളത്തിലെ മൂന്നാമത്തെ ടെർമിനലിൽനിന്നും പറന്നുയർന്ന വിമാനത്തിന്റെ വലത് ഭാഗത്തെ ചിറകിന് താഴെയാണ് തീ പടർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകുകയും വിമാനം അടിയന്തരമായി നിലത്തിറക്കുകയുമായിരുന്നു. വലത് വശത്തെ എൻജിനിൽ വലിയതോതിൽ തന്നെ തീ പടർന്നു പിടിച്ചു. യാത്രക്കാർ മൊബൈൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.