ലോകായുക്ത പക്ഷാപാതം കാണിക്കുന്നു; ശൈലജയ്ക്കെതിരായ നടപടി സൂചിപ്പിച്ച് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Saturday, October 15, 2022 11:52 AM IST
തിരുവനന്തപുരം: ലോകായുക്തയുടെ നടപടികളില്‍ പക്ഷാപാതമെന്ന് സൂചിപ്പിച്ച് കെ.ടി.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെ.കെ ശൈലജയ്ക്കെതിരായ നടപടികള്‍ പരോക്ഷമായി സൂചിപ്പിച്ചാണ് പോസ്റ്റ്.
""പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീര്‍ത്ത് കക്ഷിക്ക് നോട്ടീസയക്കുകയോ കേള്‍ക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി '' - കുറിപ്പില്‍ പറയുന്നു.
കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ അടക്കമുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്ത കഴിഞ്ഞ ദിവസം ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ പശ്ചാത്തലത്തിലാണ് ജലീലിന്റെ സാമൂഹ്യമാധ്യമത്തിലൂടെയുള്ള പ്രതികരണം.
""ജലീലായാല്‍ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ, നമുക്കിതൊക്കെ തിരിയും. നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ.'' എന്നു പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.