കിഫ്ബി കേസ്; സമന്‍സുകള്‍ തടഞ്ഞു; ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
Monday, October 10, 2022 3:58 PM IST
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി തോമസ് ഐസക്കിന് തുടര്‍സമന്‍സുകള്‍ അയയ്ക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടി ഹൈക്കോടതി തത്കാലത്തേയ്ക്ക് തടഞ്ഞു. രണ്ട് മാസത്തേയ്ക്കാണ് സമന്‍സുകള്‍ അയയ്ക്കുന്നത് കോടതി മരവിപ്പിച്ചത്.
എന്നാല്‍ കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. കേസില്‍ ആര്‍ബിഐയുടെ വിശദീകരണം തേടുമെന്നും കോടതി പറഞ്ഞു.
ആര്‍ബിഐയുടെ അനുമതിയോടെയാണ് മസാല ബോണ്ട് വിതരണം നടത്തിയതെന്ന് തോമസ് ഐസക്കും കിഫ്ബിയും കോടതിയില്‍ വാദിച്ച പശ്ചാത്തലത്തിലാണിത്. ആര്‍ബിഐ ചീഫ് മാനേജരെ കേസില്‍ കക്ഷി ചേര്‍ക്കും.
ആര്‍ബിഐയുടെ വിശദീകരണം കേട്ടശേഷമാണ് കേസില്‍ അന്തിമവിധി പറയുക. നവംബര്‍ 15ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി അയച്ച നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് തോമസ് ഐസക്കും കിഫ്ബിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടക്കാല ഉത്തരവിട്ടത്.
മസാല ബോണ്ട് വിതരണത്തില്‍ ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇഡി തങ്ങള്‍ ചെയ്ത കുറ്റമെന്താണെന്നു സമന്‍സില്‍ വ്യക്തമാക്കിയിട്ടില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഇഡി തുടര്‍ച്ചയായി നോട്ടീസുകള്‍ അയച്ച് വ്യക്തിഗത വിവരങ്ങള്‍ ചോദിക്കുകയാണെന്നും മൗലികാവകാശം ലംഘിക്കുന്ന സമന്‍സുകള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.