റഷ്യ- യുക്രെയ്ൻ യുദ്ധം; മൂന്നാംവട്ട ചർച്ചകൾക്കൊരുങ്ങി സൗദി
Monday, March 24, 2025 5:24 AM IST
റിയാദ്: റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മൂന്നാംവട്ട ചർച്ചകൾക്കൊരുങ്ങി സൗദി. അമേരിക്കയും റഷ്യയും യുക്രെയ്നും തമ്മിൽ വെവ്വേറെ ചർച്ച നടത്താനാണ് സൗദിയുടെ നീക്കം. 30 ദിവസത്തെ താത്കാലിക വെടിനിർത്തലിന് ഇരു രാജ്യങ്ങളും ഭാഗികമായി സമ്മതിച്ചിരുന്നു.
ഇതിൽ ശുഭപ്രതീക്ഷയുണ്ടെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിലും വെടിനിർത്തലിലും ലോക രാജ്യങ്ങൾക്ക് നൽകിയ വാക്ക് റഷ്യ പാലിക്കണമെന്നാവശ്യപ്പെട്ട് വ്ലാദിമിര്‍ സെലന്‍സ്കി രംഗത്തെത്തിയിരുന്നു.
യുദ്ധം നീട്ടിക്കൊണ്ടുപോകാൻ റഷ്യ അനാവശ്യ ഉപാധികൾ വയ്ക്കുന്നുവെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞത്. ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം, ഊർജോത്പ്പാദന മേഖലയ്ക്ക് മേലുള്ള ആക്രമണം എന്നിവ അവസാനിപ്പിക്കാനും വ്യോമ-നാവിക മേഖലയിൽ വെടിനിർത്തലിനും നേരത്തെ ചർച്ചകൾ നടത്തിയിരുന്നു.