കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി; പരിഹസിച്ച് സന്ദീപ് വാര്യർ
Sunday, March 23, 2025 3:33 PM IST
കോഴിക്കോട്: രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ ബിജെപിയെ പരിഹസിച്ച് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ.
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ടെന്നും കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങിയെന്നും സന്ദീപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപിന്റെ പരിഹാസം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡന്റായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷന്മാർക്കൊക്കെ എട്ടിന്റെ പണി കിട്ടാനാണ് സാധ്യതയെന്നും പോസ്റ്റിൽ പറയുന്നു.
കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപിയെന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.