പിഎന്‍ബി തട്ടിപ്പ്: മെഹുല്‍ ചോക്സി ഭാര്യയ്ക്കൊപ്പം ബെൽജിയത്തിലെന്ന് റിപ്പോർട്ട്
Sunday, March 23, 2025 1:36 PM IST
ന്യൂഡൽഹി: കോടികളുടെ തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യയിൽ നിന്ന് മുങ്ങിയ രത്ന വ്യാപാരി മെഹുല്‍ ചോക്സി ബെൽജിയത്തിലുണ്ടെന്ന് റിപ്പോർട്ട്. ഭാര്യ പ്രീതി ചോക്സിക്കൊപ്പം മെഹുൽ ബെൽജിയത്തിലെ ആന്റ്വെർപ്പിൽ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചോക്സിയെ വിട്ടുകിട്ടാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13,500 കോടി തട്ടിയ കേസിലെ പ്രതിയായ മെഹുൽ ചോക്സി കരീബിയൻ ദ്വീപ് രാഷ്ട്രമായ ആന്റിഗ്വ ആൻഡ് ബാർബുഡയിലാണ് നേരത്തെ താമസിച്ചിരുന്നത്. എന്നാൽ ഇന്ത്യയിലെയും ആന്റിഗ്വ ആൻഡ് ബാർബുഡയിലെയും പൗരത്വം മറച്ചുവെച്ചാണ് മെഹുൽ ബെൽജിയൻ പൗരത്വം നേടിയതെന്നാണ് റിപ്പോർട്ട്. ഇയാളുടെ ഭാര്യ ബെൽജിയം പൗരയാണ്.
പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളില്‍ നിന്ന് 13,500 കോടി രൂപ വായ്പയെടുത്ത് മെഹുല്‍ ചോക്സിയും അനന്തരവന് നീരവ് മോദിയും തിരിച്ചടക്കാതെ രാജ്യംവിടുകയായിരുന്നു. നിലവിൽ ലണ്ടനിലെ ജയിലിൽ കഴിയുകയാണ് നീരവ് മോദി.