കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ തൂൺ ഒടിഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം
Monday, December 2, 2024 4:47 PM IST
പൊൻകുന്നം: കിണര്‍ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ കോണ്‍ക്രീറ്റ് കട്ടകള്‍ കൊണ്ട് കെട്ടിയ തൂൺ ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് പൊന്‍കുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ഒന്നാം മൈല്‍ സ്വദേശി കുഴികോടില്‍ ജിനോ ജോസഫ് (47)ആണ് മരിച്ചത്.
ജിനോയുടെ കൂടെയുണ്ടായിരുന്ന സഹായി കട്ടപ്പന സ്വദേശി സനീഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണര്‍ വൃത്തിയാക്കിയ ശേഷം തിരികെ കയറുന്നതിനിടെ കിണറിന്റെ കൈവരിയിലെ തൂണ് ഇടിഞ്ഞ് ജിനോയ്ക്കൊപ്പം താഴേയ്ക്ക് പതിക്കുകയായിരുന്നു. തൂണിന്റെ ഭാഗങ്ങള്‍ വീണാണ് സനീഷിന് പരിക്കേറ്റത്.
ജിനോയെ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി പുറത്തെത്തിച്ച് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിനോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.