ബസ് ബസ്സ്റ്റാൻഡിനുള്ളിൽ; യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു
Monday, December 2, 2024 3:43 PM IST
കട്ടപ്പന: നിയന്ത്രണം വിട്ട സ്വകാര്യബസ് സ്റ്റാൻഡിനുള്ളിലേക്കു പാഞ്ഞുകയറി. ബസ് കാത്തിരുന്ന യുവാവിന്റെ മേൽ ബസ് ഇടിച്ചു കയറിയെങ്കിലും യുവാവ് ഇരുന്ന കസേര പിറകോട്ടു മറിഞ്ഞതുകൊണ്ട് കാര്യമായ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. കുമളി സ്വദേശിയായ വിഷ്ണുവിനാണ് അപകടം സംഭവിച്ചത്.
കാഴ്ചക്കാരെ ഭീതിപ്പെടുത്തുന്ന രംഗമാണ് ഞായറാഴ്ച രാത്രി കട്ടപ്പന ബസ് സ്റ്റാൻഡിൽ അരങ്ങേറിയത്. പാർക്ക് ചെയ്യാനായി എത്തിയ ബസ് നിയന്ത്രണം വിട്ട് രണ്ടു സ്റ്റെപ്പ് കയറി ബസ് സ്റ്റാൻഡിന്റെ ഉള്ളിലേക്കു കയറുകയായിരുന്നു. ഇവിടെ കസേരയിൽ ബസ് കാത്തിരിക്കുകയായിരുന്ന യുവാവിനെ ബസ് പിറകോട്ടു മറിച്ചു.
ബസ് അവിടെ നിന്നതിനാലും കസേര പിന്നിലേക്കു മറഞ്ഞതിനാലും യുവാവ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. തലയും തോളും പുറത്തുകാണുന്ന രീതിയിലാണ് യുവാവ് ബസിനടിയിൽ കാണപ്പെട്ടത്. ഈ രംഗം കണ്ട് പലരും ബസിന്റെ ചക്രം യുവാവിന്റെ ശരീരത്തിൽ കയറിക്കാണുമെന്ന ധാരണയിൽ നിലവിളിച്ചു.
എന്നാൽ, ബസിനും കസേരയ്ക്കും ഇടയിൽ ഞെരുങ്ങിയെങ്കിലും യുവാവ് രക്ഷപ്പെട്ടു. ബസ് ഉടൻ പിറകോട്ട് എടുത്ത് യുവാവിനെ രക്ഷപ്പെടുത്തി. കാലിനു ചെറിയ പരിക്കേറ്റിട്ടുണ്ട്.