പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു
Monday, December 2, 2024 1:08 PM IST
ന്യൂഡൽഹി: ലോക്സഭയിലും രാജ്യസഭയിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. അദാനി വിഷയത്തിലാണ് ഇന്നും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായത്. രാവിലെ സഭാനടപടികൾ തുടങ്ങുമ്പോൾ തന്നെ പ്രതിപക്ഷം അദാനി വിഷയവുമായി രംഗത്തെത്തിയിരുന്നു.
രാവിലെ സഭാ സമ്മേളിച്ചപ്പോൾ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയാണെന്ന് സ്പീക്കർ ലോക്സഭയിൽ വ്യക്തമാക്കി. രാജ്യസഭയിലും സമാനമായിരുന്നു സാഹചര്യം.
ഇരുസഭകളും പ്രക്ഷുബ്ധമായതിനെ തുടർന്ന് ആദ്യം 12 വരെയും പിന്നീട് ഇന്നത്തേക്കും നടപടികൾ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിലും ഇതേ വിഷയത്തിൽ സഭ തടസപ്പെട്ടിരുന്നു.